
സോഷ്യൽ മീഡിയ റീലുകൾ കണ്ട് സമയം കളയരുതെന്ന് വിദ്യാർഥികളോട് നടൻ സൂര്യ. ചെന്നൈയിൽ ശിവകുമാർ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 47-ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീലുകൾക്ക് പിന്നാലെ പോകുന്നതിന് പകരം യഥാർത്ഥ ജീവിത വിജയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സൂര്യ വിദ്യാർഥികളെ ഓർമ്മിപ്പിച്ചു. റീലുകൾ കണ്ടതുകൊണ്ട് മാത്രം ജീവിതത്തിൽ പുതിയതൊന്നും പഠിക്കാൻ കഴിയില്ലെന്നും യഥാർത്ഥ അനുഭവങ്ങളെ അടുത്തറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളെക്കുറിച്ചോർത്ത് നിരാശപ്പെടാതെ, ജീവിതം എപ്പോഴും മറ്റൊരു അവസരം കൂടി നൽകുന്നുണ്ടെന്ന ചിന്തയോടെ മുന്നോട്ട് പോകണമെന്നും താരം വ്യക്തമാക്കി.
ചടങ്ങിൽ സൂര്യയും പിതാവ് ശിവകുമാറും ചേർന്ന് വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 13.78 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. ചിത്രകാരൻ ജീവനന്ദന് ഒരു ലക്ഷം രൂപയും പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ ആണ് നവംബർ 6 ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം.
സൂര്യയുടെ വാക്കുകൾ;
“സോഷ്യൽ മീഡിയ റീലുകൾ മാത്രം തുടർച്ചയായി കണ്ടു കൊണ്ടിരുന്നാൽ നിങ്ങൾ ഒരു കഥ കാണുക മാത്രമാണ് ചെയ്യുന്നത്. അതിലൂടെ ഒന്നും പഠിക്കാൻ കഴിഞ്ഞേക്കില്ല. റീലുകൾക്ക് പിന്നാലെ പോകാതെ ജീവിതത്തിൽ വിജയം കൈവരിച്ച വ്യക്തികളുടെ യഥാർത്ഥ അനുഭവങ്ങളെയും യാത്രകളെയും അടുത്തറിയാൻ ശ്രമിക്കണം.
സിനിമയിൽ ഒരു രംഗം ശരിയാകാൻ അഭിനേതാക്കൾക്ക് പലപ്പോഴും നിരവധി ‘ടേക്കുകൾ’ ആവശ്യമായി വരാറുണ്ട്. മികച്ചൊരു ഔട്ട്പുട്ട് ലഭിക്കുന്നത് വരെ സംവിധായകൻ ‘വൺ മോർ’ എന്ന് പറഞ്ഞ് നമ്മെ പ്രോത്സാഹിപ്പിക്കും. അതൊരിക്കലും നിങ്ങൾ തോറ്റു പോയി എന്നതിന്റെ സൂചനയല്ല. ഞാൻ ജീവിതത്തെ കാണുന്നതും ഒരു സംവിധായകന്റെ കണ്ണിലൂടെയാണ്.
ജീവിതം ഒരിക്കലും നിങ്ങൾ പരാജയപ്പെട്ടു എന്ന് പറയുന്നില്ല. നിങ്ങൾ അങ്ങനെ ചിന്തിച്ചേക്കാമെങ്കിലും യഥാർത്ഥത്തിൽ ജീവിതം അങ്ങനെയല്ല. ജീവിതത്തിൽ എപ്പോഴും “മറ്റൊരു അവസരം കൂടി” കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് പ്രതീക്ഷ കൈവിടരുത്.