
വിജയ് തന്റെ സഹോദരനാണെന്നും, പരാശക്തി’യിൽ യാതൊരുവിധ പ്രൊപ്പഗണ്ടയുമില്ലെന്നും തുറന്നു പറഞ്ഞ് നടൻ ശിവകാർത്തികേയൻ. വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായി ആശംസ അറിയിച്ചിരുന്നുവെന്നും, ആരാധകരുടെ വിമർശനങ്ങൾ പൊതുവായി കണക്കാക്കാൻ പാടില്ലെന്നും ശിവകാർത്തികേയൻ പറഞ്ഞു. കേന്ദ്രമന്ത്രി എൽ. മുരുകൻ്റെ വസതിയിൽ നടന്ന പൊങ്കാല ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യാതൊരു വിവാദങ്ങളുമില്ല. ആളുകൾ ഇത് മനസ്സിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഉദ്ദേശ്യം ജനങ്ങളിലേക്ക് എത്തുക എന്നതാണ്. അവർ ചിത്രം പൂർണ്ണമായി കണ്ടാൽ മനസ്സിലാകും. യാതൊരു കുപ്രചാരണവുമില്ല. നമ്മളെല്ലാം സഹോദരങ്ങളാണ്, ഞങ്ങൾ ഒന്നും അധികമായി പറയാൻ ശ്രമിക്കുന്നില്ല. വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായി ആശംസ അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ചിത്രവും ഉടൻ റിലീസ് ചെയ്യും.” ശിവ കാർത്തികേയൻ പറഞ്ഞു.
“ആരാധകർ ഭൂരിപക്ഷം പേരെ പ്രതിനിധീകരിക്കുന്നില്ല. ചില ആരാധകർ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് നമ്മൾ ശ്രദ്ധിക്കേണ്ടതില്ല, അതിനെ പൊതുവായി കണക്കാക്കാനും പാടില്ല. അതൊരു പ്രശ്‌നമല്ല. നമ്മൾ എപ്പോഴും സഹോദരങ്ങളെപ്പോലെയാണ്, അതെപ്പോഴും അങ്ങനെതന്നെയായിരിക്കും.” ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി എൽ. മുരുകൻ്റെ വസതിയിൽ നടന്ന പൊങ്കാല ആഘോഷങ്ങളിൽ പരാശക്തി ചിത്രത്തിലെ താരങ്ങൾ പങ്കെടുത്തിരുന്നു. ശിവ കാർത്തികേയൻ, രവി മോഹൻ, ഇവരുടെ പങ്കാളികളായ കെനീഷ, ആരതി എന്നിവർക്കൊപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. 1960-കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി അടിച്ചേൽപിക്കൽ വിരുദ്ധ പ്രസ്ഥാനത്തിൽ പോരാടുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ‘പരാശക്തി’ പറയുന്നത്. അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. സുധാ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.