
ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ അറിയാതെ കലാരംഗത്തേക്ക് എത്തിപ്പെട്ടയാളാണ് താനെന്നും ഇതുവരെ ആരോടും അവസരങ്ങൾ ചോദിച്ചു പോയിട്ടില്ലെന്നും നടനും മിമിക്രി കലാകാരനുമായ പ്രശാന്ത് പുന്നപ്ര. റീൽ ആൻഡ് റിയൽ മീഡിയ വർക്ക്സിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതാനുഭവങ്ങളും കലാജീവിതത്തിലെ നിലപാടുകളും വ്യക്തമാക്കിയത്.
വലിയ കലാകാരനാകണമെന്ന ആഗ്രഹത്തോടെയല്ല, മറിച്ച് ജീവിക്കാൻ വേണ്ടി പലതരം ജോലികൾ ചെയ്യുന്നതിനിടയിലാണ് താൻ കലയിലേക്ക് എത്തിയതെന്ന് പ്രശാന്ത് പറയുന്നു. സ്റ്റേജ് പ്രോഗ്രാമുകൾക്ക് കർട്ടൻ കെട്ടിയും സൗണ്ട് ബോക്സ് വെച്ചും പെയിന്റിങ് ജോലികൾ ചെയ്തുമാണ് ജീവിച്ചിരുന്നത്. വലിയ വീടുകളിൽ പെയിന്റിങ്ങിന് പോകുമ്പോൾ ആ മുറികൾക്കുള്ളിലിരുന്നാണ് കൂട്ടുകാരോടൊപ്പം മിമിക്രി പരിശീലിച്ചിരുന്നത്.
ഗ്ലാമറുള്ളവർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് കലാരംഗം എന്നായിരുന്നു തന്റെ അന്നത്തെ ധാരണയെന്നും, തന്നെയപോലുള്ള സാധാരണക്കാർക്കും ഇതിൽ സ്ഥാനമുണ്ടെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും പ്രശാന്ത് ഓർത്തെടുത്തു. സ്വന്തം കർമം കൃത്യമായി ചെയ്യുക എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും അവസരങ്ങൾക്ക് പിന്നാലെ പോകുന്ന സ്വഭാവം തനിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
അയ്യപ്പ ബൈജു എന്ന കള്ളുകുടിയൻ കഥാപാത്രത്തിലൂടെ മിമിക്രി വേദികളിൽ വലിയ ജനശ്രദ്ധ നേടിയ കലാകാരനാണ് പ്രശാന്ത്. എന്നാൽ മലയാള സിനിമയിലും സ്ഥിരമായി കുടിയൻ കഥാപാത്രങ്ങൾ മാത്രം തേടിയെത്തിയതോടെ ഇത്തരം അവസരങ്ങളോട് പ്രശാന്ത് നോ പറയുകയായിരുന്നു. അതേസമയം, തമിഴിൽ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ബൈജുവിന്റെ വാക്കുകൾ;
ഞാൻ അവസരങ്ങളൊന്നും ചോദിച്ചിട്ടില്ല. അത് സത്യമായിട്ടുള്ള കാര്യമാണ്. ഞാൻ അവസരങ്ങൾ ചോദിക്കാറില്ല. ചിലർ പറയും, അങ്ങനെ വിചാരിക്കല്ലേ പ്രശാന്തേ എന്ന്. നിങ്ങളുടെ കർമം എന്താണോ അത് കൃത്യമായി നിങ്ങൾ ചെയ്യുക എന്നുള്ളതാണ്. അവിടെ നോക്കരുത് എന്ന് പറയും. പ്രോഗ്രാമൊക്കെ ചെയ്യാൻ പോകുമ്പോൾ ഞാനിങ്ങനെയൊക്കെ ചെയ്യുമെന്ന് എന്റെ തൊട്ട് അടുത്തുള്ളവർക്ക് പോലും അറിയത്തില്ലായിരുന്നു.
കർട്ടൻ കെട്ടുക, ബോക്സ് വയ്ക്കുക ഇതൊക്കെ കഴിഞ്ഞാട്ടാണ് നമ്മളീ പരിപാടി കളിക്കുന്നത്. ജീവിക്കാൻ വേണ്ടി നമ്മളൊരു പരിപാടിക്ക് പോയി, പല പല തൊഴിലിന് പോയി. ചെയ്യാത്ത ജോലികളില്ല. എന്നു പറഞ്ഞാൽ അതുപോലത്തെ സംഭവങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്. പെയിന്റിങ്ങിന് പോകുമ്പോൾ, വലിയൊരു വീടിന്റെ പെയിന്റിങ്ങിന് പോകുമ്പോൾ, ആ മുറിക്ക് അകത്തിരുന്ന് ഞങ്ങൾ പ്രാക്ടീസ് ചെയ്യും.
അങ്ങനെ പറഞ്ഞുമൊക്കെയാണ് നമ്മൾ വന്നത്. ഈ ജോലി നമ്മൾ ജീവിക്കാൻ പോയ കൂട്ടത്തിൽ അറിയാണ്ട് കലയിലേക്ക് വന്ന് പെട്ട ഒരാളാണ്. അല്ലാതെ കലാകാരനാകണമെന്ന ഇഷ്ടം കൊണ്ട് അല്ലെങ്കിൽ എന്തെങ്കിലുമാകണമെന്ന് വിചാരിച്ച് വന്ന ഒരാളല്ല. അങ്ങനെ വന്നു. കൂട്ടുകാരെവിടെ പോകുന്നു. അവിടെയാണ് നമ്മളും പോകുന്നത്. ഗ്ലാമർ ഉള്ളവരൊക്കെയാണ് കലാ രംഗത്തുള്ളത് എന്നാണ് നമ്മുടെ മനസിൽ. പക്ഷേ നമ്മളെപ്പോലെയുള്ളവരും വേണമെന്ന കാര്യം എനിക്കറിയത്തില്ലായിരുന്നു”. – പ്രശാന്ത് പറഞ്ഞു.