
നടൻ പ്രകാശ് രാജിൻ്റെ മാതാവ് സ്വർണലത അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ വൈകുന്നേരം നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
സ്വർണലതയുടെ വിയോഗത്തിൽ സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പ്രകാശ് രാജിന്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി സഹപ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.
കർണാടകയിലെ ഹുബ്ലിയിലുള്ള ഒരു അനാഥാലയത്തിലായിരുന്നു സ്വർണ്ണലത വളർന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ അവർ, പിന്നീട് ജോലിക്കായാണ് ബംഗളുരുവിലേക്ക് മാറിയത്. പ്രകാശ് രാജിന്റെ വ്യക്‌തിത്വത്തെയും ലോകവീക്ഷണത്തെയും രൂപപ്പെടുത്തുന്നതിൽ അമ്മയുടെ ജീവിതാനുഭവങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അമ്മയായിരുന്നു എന്ന് അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
വൈവിധ്യമാർന്ന സാംസ്‌കാരിക പശ്ചാത്തലമുള്ള കുടുംബമായിരുന്നു പ്രകാശ് രാജിന്റേത്. സ്വർണ്ണലത ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാളും പിതാവ് മഞ്ജുനാഥ് റായ് ഹിന്ദു വിഭാഗത്തിൽപ്പെട്ടയാളുമായിരുന്നു.