
സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റെന്ന ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ നിഷേധിച്ച് നടൻ പ്രകാശ് രാജ്. വിഷം കലർന്ന വ്യാജ വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും, തന്റെ രംഗങ്ങളുടെ ചിത്രീകരണം തുടങ്ങിയിട്ട് പോലുമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“വിഷം കലർന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന എല്ലാവരോടും… സ്പിരിറ്റ് എന്ന സിനിമയെക്കുറിച്ച്. എൻ്റെ രംഗങ്ങളുടെ ചിത്രീകരണം ഞങ്ങൾ തുടങ്ങിയിട്ടുപോലുമില്ല… എന്നിട്ടും നിങ്ങൾ വാട്ട്സ്ആപ്പ് ഫാക്ടറികൾ കഥകൾ ഊഹിച്ചെടുക്കുന്നു. പക്വതയാർജിക്കൂ, ജീവിതം കണ്ടെത്തൂ.” പ്രകാശ് രാജ് കുറിച്ചു.
ജോലി സമയത്തെച്ചൊല്ലി ദീപിക പദുക്കോൺ ചിത്രത്തിൽനിന്ന് പിന്മാറിയതിന്റെ ചർച്ചകൾ കെട്ടടങ്ങും മുന്നേയായിരുന്നു പ്രകാശ് രാജിന്റെയും പിന്മാറ്റത്തെ കുറിച്ച് വാർത്തകളെത്തിയത്. സംവിധായകനുമായി ഒരു സീനിനെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നും ഒടുവിൽ പ്രകാശ് രാജ് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രചരണം. ചില സമയങ്ങളിലെ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറപ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നുവെന്നും അഭ്യൂഹമുണ്ടായിരുന്നു.