
പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. അർബുദബാധിതനായിരുന്ന അദ്ദേഹത്തിന് മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ചിച്ചതായും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് 4.30-ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവൻ ഹാൻസ് ശ്മശാനത്തിൽ നടക്കും.
ബി.ആർ. ചോപ്രയുടെ ‘മഹാഭാരത’ത്തിൽ കർണ്ണനായി അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറർ ഷോ, കാനൂൻ തുടങ്ങിയ ടിവി സീരിയലുകളും സോൾജിയർ, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മൈ ഫാദർ ഗോഡ്ഫാദർ എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഇർഫാൻ ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1990 ൽ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു.
ധീറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് CINTAA(സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ) ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി. ‘അതീവ ദുഃഖത്തോടെയും വേദനയോടെയും പങ്കജ് ധീറിന്റെ മരണം അറിയിക്കുന്നു. പ്രസ്‌താവനയിൽ പറയുന്നു.