രാവണനെ ‘ഹീറോ’ ആക്കി, രാമായണത്തെ വികലമാക്കി; രൂക്ഷവിമർശനവുമായി നിതീഷ് ഭരദ്വാജ്

','

' ); } ?>

നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ ശ്രീരാമനായി വേഷമിട്ട ‘രാമായണ: പാർട്ട് 1’ നെതിരെ കടുത്ത വിമർശനവുമായി നടൻ നിതീഷ് ഭരദ്വാജ്. ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ ഓസ്കർ ലഭിക്കുമെന്ന് പ്രവചിച്ചിരുന്ന താരം, സിനിമ കണ്ടതിനു ശേഷം മുൻനിലപാട് തിരുത്തി സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിക്കുകയാണെന്ന് അറിയിച്ചു.

ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ രാവണനെ അമിതമായി മഹത്വവത്കരിക്കുകയും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. യഷ് അവതരിപ്പിച്ച രാവണ കഥാപാത്രത്തെ പുരോഗമനവാദിയും മികച്ച ഭരണാധികാരിയുമായി ചിത്രീകരിച്ചത് രാമായണത്തിന്റെ ധാർമിക മൂല്യങ്ങളെയും ശ്രീരാമന്റെ അവതാര ലക്ഷ്യത്തെയും തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് നിതീഷ് ഭരദ്വാജ് വ്യക്തമാക്കി.

സാങ്കേതിക മികവിനോ വി.എഫ്.എക്സ് (VFX) ദൃശ്യവിസ്മയങ്ങൾക്കോ ഈ മഹാകാവ്യത്തിന്റെ ആത്മീയ സത്തയ്ക്ക് പകരമാകാൻ കഴിയില്ലെന്നും ഭാരതീയ സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹതയില്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബി.ആർ. ചോപ്രയുടെ ‘മഹാഭാരത്’ പരമ്പരയിലെ ശ്രീകൃഷ്ണനായും പദ്മരാജന്റെ ‘ഞാൻ ഗന്ധർവൻ’ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നിതീഷ് ഭരദ്വാജ്, മുൻപ് ചിത്രത്തിന്റെ ട്രെയിലറിനെയും ഹാൻസ് സിമ്മർ – എ.ആർ. റഹ്മാൻ കൂട്ടുകെട്ടിന്റെ സംഗീതത്തെയും വാനോളം പുകഴ്ത്തിയിരുന്നു. എന്നാൽ ചിത്രം കണ്ടതോടെ കടുത്ത നിരാശ മാത്രമാണ് ഉണ്ടായതെന്നും മുൻപ് പങ്കുവെച്ച പ്രശംസാക്കുറിപ്പ് പൂർണ്ണമായും പിൻവലിക്കുകയാണെന്നും താരം അറിയിച്ചു.

നിതീഷ് ഭരദ്വാജിന്റെ വാക്കുകൾ:

‘രാമായണം വെറുമൊരു കഥയല്ല. സനാതന ഭാരതത്തിന്റെ നാഗരികതയും ആത്മീയവുമായ ബോധമണ്ഡലത്തിൽ അത് ആഴത്തിൽ വേരൂന്നിയതാണ്. ഈ ഇതിഹാസകാവ്യത്തിന്റെ മൂല്യങ്ങളിലും സന്ദേശങ്ങളിലും ഇതിലെ നായകന്മാരും നായികയും പ്രതിനായകനും അവിഭാജ്യ ഘടകങ്ങളാണ്. ഇവരുടെ കഥാപാത്രസവിശേഷതകളെയും പ്രാധാന്യത്തെയും അത്ര ലഘുവായി പുനർനിർവ്വചിക്കാൻ കഴിയില്ല. ധർമ്മവും പരമ്പരയും സംരക്ഷിക്കുന്നതിനും മര്യാദ സ്ഥാപിക്കുന്നതിനുമാണ് മഹാവിഷ്ണു രാമാവതാരം എടുത്തത്. രാവണനെ അങ്ങേയറ്റം ഉദാരമനസ്കനും സാമൂഹികനീതി പുലർത്തുന്നവനും നിഷ്പക്ഷനുമായ ഒരു വ്യക്തിയായി ചിത്രീകരിക്കുന്നതിലൂടെ, ഈ ചിത്രം രാമായണത്തിന്റെ ധാർമ്മിക ചട്ടക്കൂടിനെ തിരുത്തിയെഴുതുകയും അവതാരലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുകയുമാണ് എന്നാണ് എന്റെ നിരീക്ഷണത്തിൽ തോന്നുന്നത്.

പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള എന്റെ മുൻപത്തെ കുറിപ്പ് ഞാൻ പിൻവലിക്കുന്നു. ഇതിനെക്കുറിച്ച് നല്ലൊരു വാക്ക് പോലും പറയാൻ എനിക്ക് കഴിയുന്നില്ല, അത്രയേറെ വിഷമവും നിരാശയുമാണ് എനിക്കുള്ളത്. വി.എഫ്.എക്സിന്റെ (VFX) ദൃശ്യവിസ്മയങ്ങൾക്കൊന്നും ഒരിക്കലും ഈ മഹാകാവ്യത്തിന്റെ കാതലായ മൂല്യങ്ങൾക്കോ, ദാർശനികമായ ആഴത്തിനോ, ആത്മീയ സത്തയ്ക്കോ പകരമാകാൻ കഴിയില്ല. ഭാരതത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും കാതലായ ആത്മീയ മൂല്യങ്ങളെയും തെറ്റായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്, എന്റെ അഭിപ്രായത്തിൽ, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്രതലത്തിൽ പ്രതിനിധീകരിക്കാനുള്ള യാതൊരു അർഹതയുമില്ല’.