സൈബര്‍ ആക്രമണങ്ങള്‍ വേദനിപ്പിക്കാന്‍ മാത്രമുള്ളവ തള്ളിക്കളയണം: ജയിലര്‍ 2 വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍

','

' ); } ?>

ജയിലര്‍ 2വിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈം കുറഞ്ഞതിനെച്ചൊല്ലിയുള്ള ആരാധകരുടെ സൈബര്‍ പ്രതിഷേധങ്ങള്‍ക്ക് തക്കതായ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. വിമര്‍ശനങ്ങളില്‍ കാര്യമുണ്ടെങ്കില്‍ തിരുത്താമെന്നും എന്നാല്‍ വേദനിപ്പിക്കാന്‍ മാത്രമുള്ളവ തള്ളിക്കളയണമെന്നുമാണ് താരം ബിഗ് ബോസ് വേദിയില്‍ വ്യക്തമാക്കിയത്.

രജനീകാന്ത് നായകനായെത്തിയ ജയിലര്‍ 2 ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുമ്പോഴും, ചിത്രത്തില്‍ അതിഥി താരമായെത്തിയ മോഹന്‍ലാലിന്റെ രംഗങ്ങള്‍ വെട്ടിച്ചുരുക്കിയതിലും ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന ആരോപണത്തിലും ആരാധകര്‍ കടുത്ത അമര്‍ഷത്തിലാണ്. സംവിധായകന്‍ നെല്‍സന്റെ സോഷ്യല്‍ മീഡിയ പേജുകളിലടക്കം വന്‍തോതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോഹന്‍ലാലിന്റെ ഈ പ്രതികരണം. സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചാണ് ബിഗ് ബോസ് ഷോയിലൂടെ മോഹന്‍ലാല്‍ സംസാരിച്ചത്.

മറ്റുള്ളവരെ വിലയിരുത്തുന്നതിനൊപ്പം സ്വയം തിരിച്ചറിയുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളില്‍ ശരിയുണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ട് തിരുത്തണം. എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മാത്രമായി പറയുന്ന കാര്യങ്ങളെല്ലാം കൂടെക്കൂട്ടേണ്ടതില്ലെന്നും ജീവിതത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം, എവെയൊക്കെ വിട്ടുകളയണം എന്ന് തിരിച്ചറിയുന്നത് ഒരു പഠനമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ജയിലര്‍ 2 വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

”മറ്റുള്ളവരെ കാണുന്നതിനൊപ്പം നമ്മളെ തന്നെ തിരിച്ചറിയുന്നത് ഒരു പഠനമാണ്. സൈബര്‍ അറ്റാക്കുകളില്‍ നമ്മളെക്കുറിച്ച് പറയുന്നതെല്ലാം കേള്‍ക്കാനും അതിന് മറുപടി പറയാനും പോയാല്‍ പിന്നെ നമുക്ക് നമ്മുടെ ജോലി ചെയ്യാന്‍ സമയമുണ്ടാകില്ല. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍ അത് കേള്‍ക്കണം. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണം. പക്ഷെ വേദനിപ്പിക്കാന്‍ വേണ്ടി പറയുന്ന കാര്യങ്ങളൊക്കെ കൂടെ കൊണ്ട് നടക്കേണ്ടതില്ലല്ലോ. എന്താണ് ശ്രദ്ധിക്കേണ്ടത് എന്താണ് വിട്ടുകളയേണ്ടത് എന്നതും പഠിക്കണം. അതും ഒരു പഠനമാണ്” എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.