
ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഷാജിയുടെ വേർപാട് ഏറെ സങ്കടപ്പെടുത്തുന്ന ഒന്നാണെന്നും ഛായാഗ്രഹണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ സ്മരിച്ചു.
നരൻ, പുലിമുരുകൻ, ഒടിയൻ, തുടരും തുടങ്ങി ഏറ്റവും ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘അതിമനോഹരം’ എന്ന സിനിമയിൽ വരെ ഒപ്പമുണ്ടായിരുന്ന ഷാജിയുമായി മികച്ച സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തിൽ ക്യാമറയിൽ ഒപ്പിയെടുക്കാൻ പ്രത്യേക കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അവസാന നിമിഷങ്ങളിൽ മോഹൻലാലുമായി ഷാജികുമാർ വീഡിയോ കോളിൽ സംസാരിച്ചിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. താൻ സുഖമായിരിക്കുന്നുവെന്ന് ലാലിനോട് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത വിയോഗം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപ് ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഷാജികുമാറിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും, അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മോഹൻലാലിന്റെ വാക്കുകൾ;
”പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാലത്തെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. നരന്, പുലിമുരുകന്, ഒടിയന്, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു.
വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികള്‍.