ഹനീഫയുടെ സ്വപ്നഭവനത്തിലെത്തി മമ്മൂട്ടി; സ്വീകരിച്ച് കുടുംബം

','

' ); } ?>

മലയാള സിനിമയുടെ പ്രിയ നടൻ അന്തരിച്ച കൊച്ചിൻ ഹനീഫയുടെ പുതിയ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വെണ്ണല അംബേദ്കർ റോഡിൽ പുതുതായി നിർമ്മിച്ച കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ എന്ന വീടിലേക്കാണ് മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം എത്തിയത്.

2010 ഫെബ്രുവരിയിൽ കരൾ രോഗത്തെ തുടർന്ന് 59-ാം വയസ്സിൽ കൊച്ചിൻ ഹനീഫ വിടവാങ്ങിയ ശേഷം നീണ്ട 16 വർഷക്കാലം കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ഹനീഫയുടെ അകാല വിയോഗസമയത്ത് മക്കൾക്ക് നാലുവയസ്സ് മാത്രം പ്രായമുണ്ടായിരുന്നതിനാൽ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കുടുംബത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതിനെയെല്ലാം അതിജീവിച്ചാണ് ഒടുവിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് ഫാസിലയും മക്കളും എത്തിച്ചേർന്നത്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമ്മ നിലനിർത്തുന്ന രീതിയിൽ പുതിയ വീടിന് പേരിടണമെന്നത് ഹനീഫയുടെ ആഗ്രഹമായിരുന്നു.

കൊച്ചിൻ ഹനീഫയും മമ്മൂട്ടിയും തമ്മിൽ സിനിമാ മേഖലയ്ക്കപ്പുറമുള്ള വലിയൊരു ആത്മബന്ധമാണുണ്ടായിരുന്നത്. ഹനീഫയുടെ വേർപാടിൽ അന്ന് തകർന്നുപോയ മമ്മൂട്ടി ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ കാര്യം നടൻ മുകേഷ് മുൻപൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.