യുപിയിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കമെന്നാവശ്യവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് നടി മധു ഷാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്.
പ്രശ്‌നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നതെന്ന് മധു ചോദിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലണമെന്നും താരം പറയുന്നു.
മധു പറയുന്നതിങ്ങനെ
മേക്കപ്പില്ലാതെയാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകര്‍ന്നു, ഒരുപാട് ജീവിതങ്ങള്‍ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ എന്ത് ശുഭസൂചനയാണ് നമുക്ക് നല്‍കുന്നത്? ഇത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇത് സാധിക്കുന്നത്?
ബലാത്സംഗം ചെയ്യുന്നവര പൊതുമധ്യത്തില്‍ തൂക്കിലേറ്റണമെന്നും അത് മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കാണിക്കണമെന്നും ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്.
സ്ത്രീ-പുരുഷന്‍, ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന വേര്‍തിരിവ് എന്തിനാണ്? ഈ സമൂഹത്തില്‍ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കുക.