
നടി മഞ്ജു വാര്യരുടെ സാഹസികയാത്രയെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. വീട്ടിൽ മടിപിടിച്ച് ഒതുങ്ങിക്കൂടി, സംശയരോഗികളായി കഴിയുന്ന ഭാര്യമാർ നമുക്കിടയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാരിയരെന്ന് ജയചന്ദ്രൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജയചന്ദ്രന്റെ പ്രശംസ.
“മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിൻ്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ..ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) ‘ഉണ്ടെങ്കിൽ’ അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!…” ജയചന്ദ്രൻ കുറിച്ചു.
23 ലക്ഷം രൂപ വിലയുള്ള തൻ്റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആർ 1250 ജിഎസിൽ മഞ്ജു നടത്തിയ ധനുഷ്കോടി യാത്രയുടെ വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ബൈക്കിൽ ഇരുന്നും ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കുന്ന മഞ്ജുവിനെയാണ് ഇതിൽ കാണാനാകുന്നത്. കഴിഞ്ഞു പോയതിനും വരാനിരിക്കുന്നതിനും നടന്നു കൊണ്ടിരിക്കുന്നതിനും നന്ദി എന്ന ക്യാപ്ഷ്യനോട് കൂടിയായിരുന്നു മഞ്ജു വാര്യർ തന്റെ യാത്രയുടെ വീഡിയോ പങ്കുവെച്ചിരുന്നത്.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനൊപ്പമുള്ള യാത്രയാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലര്‍ ലൈസന്‍സ് എടുക്കാനുമുള്ള പ്രചോദനമെന്നും മഞ്ജു പറഞ്ഞിട്ടുള്ളതാണ്. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് ആര്‍ 1250 ജി.എസ്. ആയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മഞ്ജുവും ഇതേ ബൈക്ക് സ്വന്തമാക്കിയത്. മഞ്ജു വാര്യർ ഈ ബൈക് സ്വന്തമാക്കിയ സമയത്ത് തന്നെ മലയാളത്തിലെ മറ്റൊരു നടനായ സൗബിന്‍ ഷാഹിറും ഈ ബൈക്ക് വാങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബൈക്കുമായി നില്‍ക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.