
നടൻ രവി മോഹന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി നടൻ ജീവ. ‘നിങ്ങൾ ശരിക്കും ഞങ്ങൾ ജനങ്ങളുടെ നായകനാണെന്നും, വൈകിയെങ്കിലും പരാജയപ്പെട്ടിട്ടില്ലയെന്നും ജീവ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജീവയുടെ പ്രതികരണം. വിജയ് യെ ‘ദളപതി’ എന്നും ‘ജനങ്ങളുടെ നായകൻ’ എന്നും വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജീവയുടെ കുറിപ്പ്.
“കാത്തിരിപ്പിൻ്റെ ദൈർഘ്യം കൂടുന്തോറും അതിൻ്റെ അനന്തരഫലവും വലുതാവും. ഇന്നുമാത്രമല്ല, എല്ലാ ദിവസവും ഞങ്ങൾ താങ്കൾക്കൊപ്പമുണ്ടാകും. നിങ്ങൾ ശരിക്കും ഞങ്ങൾ ജനങ്ങളുടെ നായകനാണ്. ഞങ്ങൾ വരികയാണ്- വൈകിയെങ്കിലും പരാജയപ്പെട്ടിട്ടില്ല.” ജീവ കുറിച്ചു.
നൻബൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം മുഖ്യവേഷത്തിലെത്തിയവരിൽ ഒരാൾ ജീവയായിരുന്നു. ജീവയുടെ ‘മുഖമൂടി’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിന് വിജയ് അതിഥിയായി എത്തിയിരുന്നു. കൂടാതെ, മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘ജില്ല’ എന്ന ചിത്രത്തിലെ ‘പാട്ടു ഒന്നു’ എന്ന ഗാനരംഗത്തിൽ ജീവ അതിഥി വേഷത്തിൽ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാ സമിതിക്കു വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചതോടയൊണ് റിലീസ് വൈകിയത്. ഇതിനെ ചോദ്യംചെയ്‌ത് സിനിമയുടെ നർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഭോഗിപ്പൊങ്കൽ ദിവസമായ ജനുവരി 14-ന് സിനിമ റിലീസ് ചെയ്യാനാണ് വിതരണക്കാർ ഇപ്പോൾ ആലോചിക്കുന്നത്. വിജയ് അഭിനയിക്കുന്ന അവസാന സിനിമയാകുമെന്നു കരുതപ്പെടുന്ന ‘ജനനായകൻ’ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വെള്ളിയാഴ്ച രാവിലെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് തിയേറ്ററുകളിൽ റിസർവേഷനും പ്രചാരണ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. റിലീസ് നീളുന്ന സാഹചര്യത്തിൽ ടിക്കറ്റിന്റെ പണം തിരികെക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്.