അനശ്വര നായകന്‍ ജയന്റെ 81ാം ജന്മദിനമാണിന്ന്. മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ എന്ന് വിളിക്കുന്ന അജയന്‍ എന്ന അതുല്യ നടന് പകരം വെക്കാന്‍ ഇത് വരെ ഒരു നായകനും കഴിഞ്ഞിട്ടില്ല. 1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങള്‍ ജയന് ലഭിച്ചുതുടങ്ങി. ഇവയില്‍ പലതും വില്ലന്‍വേഷങ്ങളായിരുന്നു. ചലച്ചിത്ര നടന്‍ ജോസ് പ്രകാശാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ചലച്ചിത്ര നടി ജയഭാരതി. പിന്നെ അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്‌റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. സംഭാഷണത്തില്‍ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കില്ലാതിരുന്ന തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല.
തനിക്കു ലഭിക്കുന്ന കയ്യടികള്‍ തന്റെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവില്‍ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയന്‍ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തില്‍ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വ്വതയാണ്. ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നല്‍കിയ ആദ്യവേഷം. 1974 മുതല്‍ ’80 വരെ കേവലം ആറ് വര്‍ഷങ്ങള്‍കൊണ്ട് ‘പൂട്ടാത്ത പൂട്ടുകള്‍’ എന്ന തമിഴ്ചിത്രമുള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീര്‍ത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുന്‍കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു.
ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ ജയന്‍ ഗര്‍ജ്ജിക്കുമ്പോള്‍ ആ സ്വരഗാംഭീര്യത്തില്‍ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവര്‍ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളോട് ജയന് വലിയ താല്‍പര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തില്‍ സ്വന്തമായൊരു സിംഹാസനം ജയന്‍ തീര്‍ത്തത്. മറ്റ് നായകനടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പുകള്‍ അടികൂടുമ്പോള്‍ ജയന്‍ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവില്‍ ജയന്റെ ജീവനെടുത്തത്.