
എന്നോട് മത്സരിച്ചാണ് ശ്വേത ജയിച്ചത്. അവർ നൂറു ശതമാനം ഈ സ്ഥാനത്തിന് അർഹയാണ്.
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണം പങ്കുവെച്ച് നടൻ ദേവൻ. “ശ്വേത അമ്മയുടെ അമ്മയാണെങ്കിൽ ഞാൻ അമ്മയുടെ അച്ഛനാണ്” എന്നാണ് ദേവന്റെ പ്രതികരണം. കൂടാതെ ശ്വേത നൂറു ശതമാനം ഈ സ്ഥാനത്തിന് അർഹയാണെന്നും, ‘അമ്മ’യോട് വൈകാരികമായ ഒരു ബന്ധമുള്ളതുകൊണ്ട് ശ്വേതയോടൊപ്പം ഇനി സംഘടനയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്നും ദേവൻ കൂട്ടിച്ചേർത്തു. ‘അമ്മ’യുടെ പ്രസിഡൻ്റായി ചുമതലയേറ്റ നടി ശ്വേത മേനോനും മറ്റ് ഭാരവാഹികൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത് ദേവനായിരുന്നു. നടൻ ജഗദീഷ് ആണ് ദേവൻ തന്നെ പുതിയ ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്.
“ഒരു പുരുഷൻ മാറിക്കൊടുത്ത സീറ്റിലേക്ക് ഒരു സ്ത്രീ വരരുതെന്നായിരുന്നു എനിക്ക്. അത് ഇവിടെ സംഭവിച്ചു. എന്നോട് മത്സരിച്ചാണ് ശ്വേത ജയിച്ചത്. അവർ നൂറു ശതമാനം ഈ സ്ഥാനത്തിന് അർഹയാണ്. ശ്വേത അമ്മയുടെ അമ്മ എങ്കിൽ ഞാൻ അമ്മയുടെ അച്ഛനാണ്”. ദേവൻ പറഞ്ഞു.
“ആദ്യമായാണ് ഒരു വനിത ‘അമ്മ’യുടെ പ്രസിഡൻറായി എത്തുന്നത്. ശ്വേത മത്സരിച്ച് വിജയിച്ചിരിക്കുന്നു. ശ്വേതയ്ക്ക് എല്ലാവിധ ആശംസകളും. എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ എല്ലാ കാര്യത്തിലും ശ്വേതയുടെ കൂടെ തന്നെ ഉണ്ടാകും. കാരണം ‘അമ്മ, എന്ന അസോസിയേഷനോട് ഒരു വൈകാരികമായ ബന്ധമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്നും എല്ലായപ്പോഴും ശ്വേതയുടെയും ഈ ടീമിന്റെയും ഒപ്പം എല്ലാ കാര്യത്തിനും ഉണ്ടാകും”. ദേവൻ കൂട്ടിച്ചേർത്തു