നടന്‍ ബാലു വര്‍ഗീസും നടി എലീനയും വിവാഹിതരാവുന്നു

നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ എലീന തന്നെയാണ് വിവാഹിതരാകാന്‍ പോകുന്ന വിവരം പങ്കുവെച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റേതുള്‍പ്പടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും താരം പങ്കുവച്ചിട്ടുണ്ട്.

ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡലിങ്ങിലേക്കെത്തുന്നത്.