
ലോക സിനിമയെക്കുറിച്ചുള്ള നൈല ഉഷയുടെയും റിമ കല്ലിങ്കലിന്റെയും പ്രസ്താവനകൾക്ക് മറുപടി നൽകി നടനും നിർമാതാവുമായ വിജയ് ബാബു. ‘ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമാണെന്ന് വിജയ് ബാബു പറഞ്ഞു. കൂടാതെ ഇതിനു മുൻപും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ വന്നിട്ടുണ്ടെന്നും അവയുടെ ക്രെഡിറ്റും നിമ നിർമിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ദൈവത്തിന് നന്ദി. ‘വൈശാലി’, ‘ഉണ്ണിയാർച്ച’, ‘കടത്തനാട്ട് മാക്കം’, ‘കള്ളി ചെല്ലമ്മ’, ‘അവളുടെ രാവുകൾ’, ‘ആദാമിൻ്റെ വാരിയെല്ല്’, ‘നീലത്താമര’, ‘പഞ്ചാഗ്നി’, ‘എൻ്റെ സൂര്യപുത്രിക്ക്’, ‘ആകാശദൂത്’, “ഇൻഡിപെൻഡൻസ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘നന്ദനം’, ‘ചിന്താവിഷ്‌ടയായ ശ്യാമള’, ‘അച്ചുവിൻ്റെ അമ്മ’, ‘കളിമണ്ണ്’, ‘ഹൗ ഓൾഡ് ആർ യൂ’, ഒപ്പം ’22 ഫീമെയിൽ കോട്ടയം’ തുടങ്ങി ഓർക്കാൻ കഴിയാത്ത അനേകം മികച്ച സിനിമകളെക്കുറിച്ച് ആരും ക്രെഡിറ്റ് എടുക്കുന്നില്ല. മലയാളം എപ്പോഴും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ സമ്മാനിച്ചിട്ടുണ്ട്”. വിജയ് ബാബു കുറിച്ചു.
“സമയം മാറി, ഒടിടിയുടെ കടന്നുവരവോടെ പുതിയ പ്രേക്ഷകർ എത്തുകയും ചെയ്തതോടെ, നമ്മുടെ ഇൻഡസ്ട്രി കൂടുതൽ ഉയരങ്ങളിലെത്തി. ഇപ്പോൾ നമ്മൾ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കമാണ് നിർമിക്കുന്നത്! ലളിതവും വ്യക്തവുമാണ് കാര്യം. ഇതിനുള്ള മുഴുവൻ ക്രെഡിറ്റും, ഈയൊരു ഇടം കണ്ടെത്തുകയും അത് ചെയ്യുകയും ചെയ്ത വേഫെററിനും ലോക ടീമിനും മാത്രമുള്ളതാണ്,’’–വിജയ് ബാബു കൂട്ടിച്ചേർത്തു.
ഇത്രയും വലിയ സ്കെയിലിൽ സിനിമ നിർമിച്ചതിനുള്ള ക്രെഡിറ്റ് ‘ലോക’ ടീമിനാണെന്നും ഇതു പോലുള്ള സിനിമകൾക്കുള്ള ഇടം ഇവിടെ ഇവിടെ ഉണ്ടാക്കിയത് നമ്മൾ ഒരുമിച്ചാണെന്നുമായിരുന്നു ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടത്. അത് പോലെ തന്നെ ലോക’ ആഗോളതലത്തിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നതിനിടെ, ചിത്രത്തിൻ്റെ വിജയത്തിൻ്റെ ക്രെഡിറ്റ് പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണെന്ന് നൈല ഉഷ പറഞ്ഞതും ചർച്ചയായിരുന്നു.