
നടൻ അജിത് കുമാറിന്റെ റേസിംഗ് കാർ അപകടത്തിൽ പെട്ടു. പരിക്കുകളൊന്നുമില്ലാതെ നടൻ രക്ഷപെട്ടുവെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കവേ മിസാനോ ട്രാക്കിൽ വെച്ചാണ് അപകടം സംഭവിച്ചത്. ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിൻ്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം GT4 യൂറോപ്യൻ സീരീസിൻ്റെ എക്സ് പേജ് ആണ് പുറത്തുവിട്ടത്.
റേസ്ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വർഷം അജിതിനുണ്ടാകുന്ന ആദ്യത്തെ വലിയ അപകടമാണിത്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ നടക്കുന്ന മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത് ഇപ്പോൾ.
2003-ലാണ് അജിത്ത് റേസിംഗ് രംഗത്തേക്ക് കടന്നുവന്നത്. 2010-ൽ ഫോർമുല 2 ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ജർമ്മനി, മലേഷ്യ തുടങ്ങിയ സിനിമയ്ക്കും മോട്ടോർസ്പോർട്ടിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ഇന്ത്യൻ സർക്കാർ അജിത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ് അജിത് അവസാനമായി അഭിനയിച്ചത്. 2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണിത്. നടൻ ഇപ്പോൾ സിനിമകളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ അടുത്ത ചിത്രവും ആദിക് രവിചന്ദ്രൻ തന്നെയായിരിക്കും സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.