
രജനികാന്ത് ചിത്രം ജയിലർ 2വിന്റെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ചെന്നൈയില്‍ ഒരു സ്വകാര്യ സ്റ്റുഡിയോയിലാണ് ദാരുണ സംഭവം ഉണ്ടായത്. സെറ്റ് നിര്‍മിക്കുന്നതിനിടയുണ്ടായ ഷോക്കറ്റാണ് കാര്‍ത്തികേയന്റെ മരണം സംഭവിച്ചത്. 28കാരനായ കാര്‍ത്തികേയൻ എന്ന യുവാവാണ് മരണപ്പെട്ടത്. ചിത്രത്തിന്റെ ആര്‍ട് ഡിപ്പാര്‍ട്‍മെന്റിലെ ജീവനക്കാരനാണ് കാർത്തികേയൻ.
പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോട് വെച്ചും ജയിലര്‍ 2വിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. സെപ്റ്റംബര്‍ നാലിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
കൂലിയാണ് രജനികാന്തിന്‍റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത് ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനികാന്തിനൊപ്പം നാഗാർജുന പ്രധാന കഥാപാത്രമായപ്പോള്‍ ചിത്രത്തില്‍ ആമിര്‍ ഖാൻ അതിഥി വേഷത്തിലുമെത്തി.