
ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്. നടന്റെ കാലിനാണ് പരിക്ക് സംഭവിച്ചത്. മുകളിൽ നിന്ന് റോപ്പിലൂടെ ഇറങ്ങവെ, കാല് തെന്നി ഒരു സ്റ്റീൽ കമ്പിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ രണ്ട് കാലുകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നും അത് തുന്നിച്ചേർത്തുവെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണ്. കുറഞ്ഞത് 15 ദിവസമെങ്കിലും നടന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. എസ് ജെ സൂര്യ പരിക്കിൽ നിന്ന് മുക്തനാകുന്നതുവരെ സിനിമയുടെ ഷൂട്ടിങ് നിർമാതാക്കൾ നിർത്തി വെച്ചിരിക്കുകയാണ്.
ചെന്നൈയിലെ പാലവാക്കത്ത് നടക്കുന്ന “കില്ലർ” എന്ന സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനിടെയായിരുന്നു അപകടം. എസ് ജെ സൂര്യ തന്നെയാണ് കില്ലർ സംവിധാനം ചെയ്യുന്നതും തിരക്കഥയൊരുക്കിയിരിക്കുന്നതും. പ്രീതി അസ്രാണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. എആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.