2019 അന്താരാഷ്ട്ര ചലച്ചിത്ര മേള: വിശിഷ്ടാതിഥിയായി ഓസ്‌കാര്‍സ് അക്കാദമിയുടെ പ്രസിഡന്റ് ജോണ്‍ ബെയ്‌ലിയും

ഗോവയില്‍ ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്ഐ) പങ്കെടുക്കാന്‍ ഓസ്‌കാഴ്‌സ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സസ് (അക്കാദമി) എന്ന ആഗോള സംഘടനയുടെ പ്രസിഡന്റ് ജോണ്‍ ബെയ്ലിയും എത്തുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേള വലിയ ആഘോഷങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജോണ്‍ ബെയ്ലി മേളയില്‍ പങ്കെടുക്കുമെന്ന കാര്യവും അദ്ദേഹം തന്നെയാണ് അറിയിച്ചത്.

ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങില്‍ സന്നിദ്ധനായിരുന്നു. സംവിധായകരായ രാഹുല്‍ റവയില്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, എ കെ ബിര്‍, ഷാജി കരുണ്‍, മഞ്ജു ബോറ എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ചലച്ചിത്ര മേള ഡയറക്ടറേഴ്‌സും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റര്‍റ്റെയ്ന്‍മെന്റ് സൊസൈറ്റിയും ചേര്‍ന്നാണ് ഐ എഫ് എഫ് ഐ സംഘടിപ്പിക്കുന്നത്.

കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, ഫിറോസ് അബ്ബാസ് ഖാന്‍, സുഭാഷ് ഗായ് എന്നിവരും സുവര്‍ണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയില്‍ പങ്കാളികളാകും എന്നു സ്ഥിതീകരിച്ച കാര്യവും ജാവദേക്കര്‍ അറിയിച്ചു.

മുന്‍പ് ഡല്‍ഹിയില്‍ വെച്ചു നടത്തികൊണ്ടിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള 2004 മുതലാണ് ഗോവയില്‍ സംഘടിപ്പിക്കപ്പെടുന്നത്. അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ആയിരുന്നു അത്. മേളയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിക്കുമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

150-ാം ജന്മവാര്‍ഷികം ആേേഘാഷിക്കുന്ന മഹാത്മാഗാന്ധിയേയും മേള അനുസ്മരിക്കുമെന്നും അനുബന്ധമായി രാഷ്ട്രപിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു എക്‌സിബിഷനും സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ മേളയുടെ അന്താരാഷ്ട്ര പങ്കാളികളാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച റഷ്യയില്‍ നിന്നും ഒരു വലിയ സംഘം ഇതിനായി ഗോവയില്‍ എത്തുമെന്നും സൂചനകളുണ്ട്.

വിപുലമായ രീതിയില്‍ മേള നടത്തുന്നതിന്റെ ഭാഗമായി, ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയും മേളയുടെ സംഘാടനത്തിന്റെ ഭാഗമാക്കാനാണ് സംഘാടകരുടെ തീരുമാനം. കൂടുതല്‍ സ്‌ക്രീനുകളും ഈ വര്‍ഷം സജ്ജീകരിക്കും. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയം, കലാ അക്കാദമി, ഇഎസ്ജി കോംപ്ലക്‌സ് എന്നിവിടങ്ങളിലായിട്ടാണ് മേള സംഘടിപ്പിക്കപ്പെടുക.