
നസ്ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ അർജുൻ ഹരിദാസ് എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ ബേസിൽ ജോസഫിനെ ഉദ്ദേശിച്ചുള്ളതാണെന്ന ചർച്ചകളിൽ ഒടുവിൽ വ്യക്തത വരുത്തി സംവിധായകൻ. ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച അർജുൻ ഹരിദാസ് ബേസിൽ ജോസഫിനെ പ്രതിനിധീകരിക്കുന്നതാണെന്ന തരത്തിൽ പ്രചരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞ അഭിനവ്, സിനിമയിലെ കഥ പൂർണ്ണമായും തന്റെ ഭാവനയിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കി. ആര് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം കഥാപാത്രങ്ങളിലൂടെ താൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നൽകിയ മറുപടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
“കഥ പൂർണ്ണമായും ഭാവനയിൽനിന്നുള്ളതാണെന്നും കഥാപാത്രങ്ങൾ ഞാനും രാമുവും ഞങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടിയ ആളുകളുടെ മിശ്രണമാണെന്നും ഞാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതാനുഭവങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ അവയിലേറെയും ഭാവന കലർത്തിയാണ് ചെയ്തത്. പ്രേക്ഷകർക്ക് അത് വേർതിരിച്ച് ഒരു നിഗമനത്തിലേക്ക് എത്താൻ സാധിക്കില്ല. ആരെയെങ്കിലും തുറന്നുകാട്ടുക എന്നതായിരുന്നു എന്റെ ഉദ്ദേശമെങ്കിൽ, ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ മതിയായിരുന്നു. ചില അപ്രിയസത്യങ്ങളെക്കുറിച്ച് പറയുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. അതിൽ കൂടുതലൊന്നുമില്ല.” അഭിനവ് കുറിച്ചു.
തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയെങ്കിലും ഒടിടി റിലീസിന് ശേഷം മികച്ച പ്രശംസ നേടുന്ന ചിത്രത്തിന്റെ റിലീസ് സമയം മുതൽക്കേ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സംഗീത് പ്രതാപിന്റെ കഥാപാത്രം. ബേസിൽ ജോസഫിന്റെ പഴയ അഭിമുഖങ്ങളിലെ വാക്കുകളും സിനിമയിലെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും ചേർത്തുവെച്ച് എക്സ് (ട്വിറ്റർ), റെഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് നടന്നിരുന്നത്. വിഷയത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ലെങ്കിലും, ആരാധകരുടെ ചോദ്യത്തിന് ഇൻസ്റ്റഗ്രാമിലൂടെ അഭിനവ് നൽകിയ ഈ മറുപടിയോടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.