എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക

ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച, രാജ്യത്തിന്റെ മിസൈല്‍ മാന്‍ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക്. ഒക്ടോബര്‍ 15ന് അദ്ദേഹത്തിന്റെ 87-ാം ജന്മദിനമാണ്. അതിനും ഒരാഴ്ച മുമ്പ് നാഷണല്‍ ജിയോഗ്രഫി ചാനലില്‍ അദ്ദേഹത്തിന്റെ മെഗാ ഐക്കണ്‍ സീരീസിലാണ് പരിപാടി സംപ്രേഷണം ആരംഭിക്കുക. കലാമിന്റെ ജീവിത ചരിത്രം, അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ കഥകള്‍ എന്നിവയായിരിക്കും പ്രേക്ഷകര്‍ കാണുക.

ഒക്ടോബര്‍ എട്ടിന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡില്‍ കലാമിന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത വിരളമായ ചില ഏടുകളായിരിക്കും സംപ്രേഷണം ചെയ്യുക.

കലാമിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍, ലോകമറിയുന്ന ശാസത്രജ്ഞനിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച, ജീവിതത്തിലെ വീഴ്ചകള്‍, തോല്‍വികളെ അദ്ദേഹം നോക്കിക്കണ്ട രീതി, അവിടെ നിന്നും ഉയര്‍ന്നുവന്നത് എന്നിവയെല്ലാം നമുക്ക് കാണാം.
ഒരു പൈലറ്റ് ആകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം. 1958ല്‍ എംഐടിയില്‍ നിന്നും ബിരുദം നേടിയ ശേഷം ഇന്ത്യന്‍ വ്യോമ സേനയിലേക്ക് അദ്ദേഹം അപേക്ഷ അയച്ചു. എന്നാല്‍ അത് സഫലമായില്ല. എട്ട് സീറ്റുകള്‍ മാത്രമുള്ളിടത്ത് ഒമ്പതാം റാങ്കായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക തോല്‍വിയൊന്നും ആയിരുന്നില്ല.

ഓരോ തോല്‍വിയില്‍ നിന്നും വീഴ്ചയില്‍ നിന്നും എന്തു പഠിക്കണമെന്നും എങ്ങനെ തിരിച്ചുവന്ന് നിവര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു. അതെല്ലാം സീരീസില്‍ ഉള്‍ക്കൊള്ളിക്കും.