മലയാളം ആന്തോളജി’ആണും പെണ്ണും’

രാജീവ് രവി അവതരിപ്പിക്കുന്ന മലയാളം ആന്തോളജി ചിത്രം ആണും പെണ്ണിന്റെയും പോസ്റ്റര്‍ പുറത്തുവിട്ടു.ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു,ദര്‍ശന, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകന്‍ വേണുവിന്റെ ചിത്രം. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.