ആമീര്‍ ഖാനൊപ്പം അഭിനയിക്കാനൊരുങ്ങി വിജയ് സേതുപതി

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമീര്‍ ഖാന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയപ്പോഴാണ് വിജയ് സേതുപതി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ പുറത്ത് വിടുമെന്നും വിജയ് സേതുപതി വ്യക്തമാക്കി.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് വിജയ് സേതുപതി മേളയില്‍ മികച്ച നടനായ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷാറൂഖ് ഖാനും മേളയില്‍ അതിഥിയായെത്തിയിരുന്നു. സൂപ്പര്‍ ഡീലക്‌സിലെ വിജയ് സേതുപതിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചു എന്ന് ഷാറൂഖ് ഖാന്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രമായാണ് വിജയ് സേതുപതി വേഷമിട്ടത്.