
നവംബർ 27-ന് തിയേറ്ററുകളിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഗൺമാസ്റ്റർ ജി9’ന്റെ സെറ്റിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ പകർത്തുന്നതിനിടെ ക്രെയ്നിൽ നിന്ന് നിയന്ത്രണം വിട്ട കാർ, പ്രമുഖ താരം ഇമ്രാൻ ഹാഷ്മിയുടെ തൊട്ടടുത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നടന് പരിക്കുകളൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടാൻ സാധിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനായി ക്രെയ്നിൽ ഉയർത്തി നിർത്തിയിരുന്ന കാർ പെട്ടെന്ന് തലകീഴായി മറിഞ്ഞ് താഴെ നിർത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ബിഹൈൻഡ് ദി സീൻസ് (BTS) വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഭാഗ്യവശാൽ ചിത്രീകരണ സംഘത്തിലെ ആർക്കും തന്നെ പരിക്കുകളില്ല.
ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ-റൊമാന്റിക് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപർശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദീപക് മുകുത്, ഹുനാർ മുകുത്, സംഗീത ആഹിർ എന്നിവർ ചേർന്ന് സോഹം റോക്ക്സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
മുൻപും ഈ സിനിമയുടെ ചിത്രീകരണം വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ജൂണിൽ ഹരിദ്വാറിലെ ചിത്രീകരണ വേളയിൽ സെറ്റിൽ സ്ഥാപിച്ച കൃത്രിമ ബോർഡ് കണ്ട പ്രദേശവാസികൾ അത് യഥാർത്ഥ ബാറാണെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് നിർമാതാവും അണിയറപ്രവർത്തകരും പ്രാദേശിക ഭരണകൂടവുമായും ജനങ്ങളുമായും ചർച്ചകൾ നടത്തിയാണ് വിഷയം ശാന്തമാക്കിയത്.