അഭിനന്ദനെ അഭിനന്ദിച്ച് താരലോകം…

','

' ); } ?>

പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അഭിനന്ദനങ്ങളുമായി ഇന്ത്യയൊന്നാകെ. അഭിനന്ദനെ അഭിനന്ദിച്ചും സ്വാഗതം നേര്‍ന്നും നിരവധി പേരാണ് രംഗത്തു വരുന്നത്. ഇതിനൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം അഭിനന്ദന്‍ സുരക്ഷിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ. ധീരജവാന്റെ മടങ്ങിവരവിന് മമ്മൂട്ടി സ്വാഗതമോതിയപ്പോള്‍ മാതൃഭൂമിയിലേക്ക് തിരിച്ചെത്തിയ ധീരയോദ്ധാവിന് സല്യൂട്ട് അര്‍പ്പിക്കുകയാണ് മോഹന്‍ലാല്‍. ”ധീര ജവാനെ ഹൃദയം കൊണ്ട് വരവേല്‍ക്കാം. അഭിനന്ദനങ്ങള്‍ അഭിനന്ദന്‍. ശിരസ് ഉയര്‍ത്തിപ്പിടിച്ചതിന്, രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ചതിന്… എതിരാളിയെക്കൊണ്ട് സ്വാതന്ത്ര്യം എന്ന് പറയിച്ചതിന്,” എന്നാണ് മഞ്ജുവാര്യര്‍ കുറിക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു അഭിനന്ദനെ മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് പാര്‍ലമെന്റിനെ അറിയിച്ചത്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായത്. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. സൂപ്പര്‍സ്റ്റാറുകള്‍ക്കു പിറകെ പൃഥിരാജ്, നിവിന്‍ പോളി, ജയസൂര്യ, ജയറാം എന്നിവരും അഭിനന്ദന്റെ മോചനത്തില്‍ സന്തോഷം പങ്കുവെയ്ക്കുകയും അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.