
സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേരു വയ്ക്കാത്തതിനാല്‍ സംസ്ഥാന പുരസ്‌കാരം നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ബിജു ധ്വനി തരംഗ് എന്ന യുവ കോറിയോഗ്രാഫര്‍. ബിജു പ്രവര്‍ത്തിച്ച ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിനു നല്‍കിയ പുരസ്‌കാരത്തില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവുമായാണ് ഇദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മികച്ച കോറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ പ്രസന്ന മാസ്റ്റര്‍ക്കൊപ്പം മറ്റൊരു നൃത്തസംയോജകനുമുണ്ടായിരുന്നു, ബിജു ധ്വനി തരംഗ്. സംഭവിച്ചതിനെക്കുറിച്ച് ബിജു ഒരു മാധ്യമത്തോട് പ്രതികരിച്ചു.
അരവിന്ദന്റെ അതിഥികളില്‍ ‘എന്തേ കണ്ണാ’ എന്നു തുടങ്ങുന്ന ഒരു ഗാനരംഗത്തിനു വേണ്ടിയാണ് പ്രസന്ന മാസ്റ്റര്‍ നൃത്തച്ചുവടുകള്‍ സൃഷ്ടിച്ചത്. ചിത്രത്തിലെ മറ്റു രംഗങ്ങളിലെ മുഴുവന്‍ നൃത്തരംഗങ്ങളും സംവിധാനം ചെയ്തത് ബിജുവാണ്. അവസാനഭാഗത്ത് അമ്മയും മകനും തമ്മിലെ ബന്ധം അവതരിപ്പിക്കുന്ന നൃത്തരംഗത്തില്‍ ശ്രീജയയ്ക്കൊപ്പം അഭിനയിച്ചതും ബിജുവാണ്.
ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ബിജുവിന്റെ പേര് ഉള്‍പ്പെടുത്താതിരുന്നത് അസോസിയേറ്റ്സിനു പറ്റിയ പിഴവാണ്. ചിത്രം ഇറങ്ങിയതിനു ശേഷമാണ് ബിജു ഇക്കാര്യം ശ്രദ്ധിക്കുന്നത്. സിനിമ അപ്ലോഡ് ചെയ്തതിനുശേഷമാണ് അണിയറപ്രവര്‍ത്തകര്‍ പോലും തന്റെ പേരു വിട്ടു പോയ കാര്യം ശ്രദ്ധിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ പ്രദീപ് പുതിയറയുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ് ബിജു ഇപ്പോള്‍. വ്യക്തമായി അന്വേഷിച്ചതിനുശേഷം പരിഗണിക്കാമെന്നാണ് അക്കാദമി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. പുരസ്‌കാരത്തില്‍ ഒരു പുനഃപരിശോധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഈ കലാകാരന്‍.