‘നേഹയെ പിന്തുണയ്ക്കണമെന്ന് ആശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല’; വ്യക്തമാക്കി താഷി

','

' ); } ?>

ബിഗ് ബോസിലെ സഹമത്സരാർഥിയായിരുന്ന നേഹയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് താൻ ആരെയും സമീപിച്ചിട്ടില്ലെന്നും, അവരോടുള്ള പിന്തുണ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും വ്യക്തമാക്കി മുൻ മത്സരാർത്ഥി താഷി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താഷി തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്നെ പിന്തുണച്ചവരോടും സുഹൃത്തുക്കളോടും നേഹയ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇക്കാര്യത്തിൽ മറ്റാരുമായും യാതൊരുവിധ സഹകരണമോ ബന്ധമോ ഇല്ലെന്നും താഷി കുറിപ്പിൽ പറയുന്നു.

അതേസമയം, നേഹയുടെ മാതാപിതാക്കളെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അവരെ വേദനിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്നും ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം നൽകിയ അഭിമുഖങ്ങളിൽ താഷി പ്രതികരിച്ചു. പുറത്തുനിന്ന് കേൾക്കുന്ന കാര്യങ്ങൾ മാതാപിതാക്കളെ വിഷമിപ്പിച്ചിട്ടുണ്ടാകാമെന്നും, എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയം ആവശ്യമാണെന്ന് താൻ നേഹയോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോമണേഴ്സിനായുള്ള ‘അഗ്നിപരീക്ഷ’യിലൂടെ ബിഗ് ബോസിലെത്തിയ താഷിയും, ഇൻഫ്ളുവൻസർ എന്ന നിലയിലെത്തിയ നേഹയും തമ്മിലുള്ള സൗഹൃദം ഷോയ്ക്ക് പുറത്ത് വലിയ ചർച്ചയായിരുന്നു. ഇതിനിടെ ബിഗ് ബോസ് വീട്ടിലെത്തിയ നേഹയുടെ മാതാപിതാക്കൾ ഈ അടുപ്പത്തിലുള്ള തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ താഷിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ നേഹ, വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണ് അന്ന് വ്യക്തമാക്കിയത്.

താഷിയുടെ വാക്കുകൾ

”ഒരു കാര്യം ഞാൻ ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നേഹയ്ക്കുള്ള എന്റെ പിന്തുണ തികച്ചും എന്റെ വ്യക്തിപരമായ തീരുമാനവും സ്വതന്ത്രമായ തിരഞ്ഞെടുപ്പുമാണ്. നേഹയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ എനിക്ക് ആരുമായും യാതൊരു ബന്ധമോ സഹകരണമോ ഇല്ല. എന്നെ ഇതുവരെ പിന്തുണച്ചവരോടും എന്റെ സുഹൃത്തുക്കളോടും നേഹയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. നന്ദി.

ഞാൻ നേഹയുടെ മാതാപിതാക്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ഒരു പേരന്റ് ആകുമ്പോൾ പുറത്തുനിന്ന് കേൾക്കുന്ന കുറേ കാര്യങ്ങളൊക്കെ അവരെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകും. ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കളെ വിഷമിപ്പിച്ചിട്ട് നമുക്ക് ഒന്നും നേടാൻ പറ്റില്ല. നമുക്ക് ഹാപ്പിയായിട്ടിരിക്കാനും പറ്റില്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ നമുക്ക് സമയം വേണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അതെല്ലാം ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞതാണ്.