‘ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, കരുത്തായി കൂടെ നിൽക്കണം’; ഭദ്രകീർത്തിയുടെ തട്ടുകടയിലെത്തി സുരേഷ് ഗോപി

','

' ); } ?>

ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നടത്തുന്ന തട്ടുകടയിലെത്തി പിന്തുണയറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അച്ഛന്റെ മരണത്തിന് നീതി തേടി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ഭദ്രകീർത്തിയുടെയും അമ്മ ബിന്ദുവിന്റെയും സംരംഭത്തിലാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്. കടയിലിരുന്ന് ചൂടുദോശയും ചമ്മന്തിയും കഴിച്ച അദ്ദേഹം, കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കുകയും പൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.

ജയബാലകൃഷ്ണന്റെ വേർപാടിന് ശേഷം തളരാതെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കുടുംബത്തിന്റെ നിശ്ചയദാർഢ്യത്തെ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചു. സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം തട്ടുകട മുന്നോട്ട് കൊണ്ടുപോകുന്ന മക്കളുടെ സ്നേഹവും ആർജവവും ഏവർക്കും മാതൃകയാണെന്ന് അദ്ദേഹം കുറിച്ചു. ചേരാനല്ലൂർ വഴി കടന്നുപോകുന്നവർ ഈ കടയിൽ കയറണമെന്നും കുടുംബത്തിന് കരുത്തായി കൂടെ നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നേരത്തെ, പ്രായപൂർത്തിയാകാത്ത 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ചാണ് ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭദ്രകീർത്തി പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സമരത്തെത്തുടർന്നാണ് വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസും അധികൃതരും നിർബന്ധിതരായത്.

സുരേഷ് ഗോപിയുടെ വാക്കുകൾ

‘‘തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവ്. ​ചേരാനല്ലൂരിൽ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്തിച്ചേർന്നു. ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്.

സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന  മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.

പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്നും എന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.