“എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു, ഞാൻ കരഞ്ഞുപോയി”: ഷൂട്ടിംഗ് സെറ്റിലെ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞ് മിയ

','

' ); } ?>

സന്ദീപ് പ്രദീപ് നായകനാകുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് താൻ ഇതുവരെ ഏറ്റവും സന്തോഷത്തോടെ വർക്ക് ചെയ്തതെന്ന് നടി മിയ. നവംബർ 27-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വൺ ടു ടോക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിയ മനസ്സ് തുറന്നത്. സിനിമയിലെ എല്ലാവരും മികച്ച കമ്പനിയായിരുന്നുവെന്നും എത്രനേരം വേണമെങ്കിലും ലൊക്കേഷനിൽ നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും താരം വ്യക്തമാക്കി.

നേരത്തെ അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനിൽ കടുത്ത ബോറടി കാരണം കരഞ്ഞുപോയ അനുഭവവും മിയ പങ്കുവെച്ചു. എങ്ങനെയെങ്കിലും ആ ഷൂട്ട് ഒന്ന് തീർന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു അന്ന്. വെള്ളിയാഴ്ച ഷൂട്ട് തീരുമെന്നറിഞ്ഞ് ചൊവ്വാഴ്ച മുതൽ കാത്തിരുന്നെങ്കിലും, വെള്ളിയാഴ്ച രാവിലെ തിങ്കളാഴ്ചയേ പോകാൻ കഴിയൂ എന്ന് പറഞ്ഞപ്പോൾ വിഷമം കൊണ്ട് കരഞ്ഞെന്നും വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെന്നും മിയ ഓർത്തെടുത്തു. എന്നാൽ ആ സിനിമയുടെ പേരോ അതിൽ അഭിനയിച്ച നടനെയോ കുറ്റപ്പെടുത്താനില്ലെന്നും, സെറ്റിലെ അന്തരീക്ഷമാണ് അങ്ങനെ തോന്നാൻ കാരണമെന്നും താരം കൂട്ടിച്ചേർത്തു.

ചില സിനിമകളുടെ സെറ്റിൽ ആരും കമ്പനി കാണില്ലെന്നും വളരെ ഗൗരവമേറിയ അന്തരീക്ഷമായിരിക്കുമെന്നും മിയ ചൂണ്ടിക്കാട്ടി. എന്നാൽ ‘കോസ്മിക് സാംസൺ’ ലൊക്കേഷനിൽ മികച്ച വൈബാണ് ലഭിച്ചതെന്നും ഏറെ സന്തോഷത്തോടെയും ചിരിച്ചുകൊണ്ടുമാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും പറഞ്ഞ താരം, അതിന് മുഴുവൻ ടീമിനോടും നന്ദി അറിയിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മിയ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’.

മിയയുടെ വാക്കുകൾ

“ഈ ലൊക്കേഷനിൽ പഠിച്ചെടുത്തതിനേക്കാളും കൂടുതൽ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. എല്ലാവരും നല്ല കമ്പനിയായിരുന്നു. ചില സിനിമകൾ ചെയ്യുമ്പോൾ നമുക്കവിടെ ആരും കമ്പനി കാണത്തില്ല. അല്ലെങ്കിൽ ഭയങ്കര സീരിയസ് മൂഡായിരിക്കും. സിനിമയുടെ പേര് ഞാൻ പറയുന്നില്ല, എനിക്ക് കഴിഞ്ഞിട്ട് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് പോയാൽ മതി എന്നായിരുന്നു ആ സെറ്റിൽ. പണ്ടായിരുന്നു ആ സംഭവം. എനിക്ക് ബോറടിച്ചു ആ സെറ്റിൽ. ഒരു ദിവസം അവരെന്നോട് പറഞ്ഞു, വെള്ളിയാഴ്ച എന്റെ ഷൂട്ട് കഴിയുമെന്ന്.

അപ്പോൾ ഞാനിങ്ങനെ വെള്ളിയാഴ്ചയാകാനായി ചൊവ്വാഴ്ച മുതൽ കാത്തിരിക്കുകയാണ്. എനിക്ക് സത്യം പറഞ്ഞാൽ ആ സിനിമയുടെ വർഷമൊന്നും അറിയില്ല. അതിലെ നടൻ കാരണമൊന്നുമല്ല ബോറടിച്ചത്. വെള്ളിയാഴ്ച രാവിലെ അവർ വന്നിട്ട് പറഞ്ഞു, വെള്ളിയാഴ്ച കൊണ്ടിത് തീരില്ല, തിങ്കളാഴ്ചയേ എനിക്ക് പോകാൻ പറ്റുള്ളൂവെന്ന്. എനിക്ക് അങ്ങ് വിഷമമായി, ഞാൻ കരഞ്ഞു.

എനിക്ക് വീട്ടിൽ പോണമെന്ന് പറഞ്ഞ് കരഞ്ഞു. അത്രയും ഞാൻ മടുത്തു. എനിക്കത് കഴിഞ്ഞ് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്ന പോലെ ആയിപ്പോയി. അങ്ങനെയുള്ള ലൊക്കേഷനും ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിൽ (കോസ്മിക് സാംസൺ) എത്രനേരം വേണമെങ്കിലും നിൽക്കാൻ നമ്മൾ ഓക്കെയായിരുന്നു.

ഈ ലൊക്കേഷനിലായിരുന്നു എനിക്കേറ്റവും കൂടുതൽ ടൈം പാസ് ഉണ്ടായിരുന്നത്. ഞാനേറ്റവും സന്തോഷിച്ച് ചിരിച്ച് ഹാപ്പിയായി വർക്ക് ചെയ്ത ഒരു സിനിമയാണ് ‘കോസ്മിക് സാംസൺ’. അതിന് ഫുൾ ടീമിനോട് ഞാൻ നന്ദി പറയുകയാണ്. കാരണം ഇവരെല്ലാവരും കാരണമാണ് അത്രയും നല്ലൊരു വൈബ് എനിക്ക് കിട്ടിയത്.”