മഹാരാജയിലെ പ്രകടനത്തിന് ടോം ഹാങ്ക്സിന്റെ പ്രശംസ; അമ്പരപ്പും സന്തോഷവും പങ്കുവെച്ച് നടി സചന നമിദാസ്

','

' ); } ?>

നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ‘മഹാരാജ’യിലെ പ്രകടനത്തിന് വിഖ്യാത ഹോളിവുഡ് താരം ടോം ഹാങ്ക്സിന്റെ പ്രശംസ ലഭിച്ചതിന്റെ അമ്പരപ്പിലാണ് യുവനടി സചന നമിദാസ്. “ആ പെൺകുട്ടിയെ എനിക്ക് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല, അവിശ്വസനീയമെന്നേ ആ നടിയെക്കുറിച്ച് പറയാനാവൂ” എന്നായിരുന്നു സചനയുടെ പ്രകടനത്തെക്കുറിച്ച് ടോം ഹാങ്ക്സ് പ്രതികരിച്ചത്. അദ്ദേഹത്തിൽനിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിച്ചുവെന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും, തനിക്കും തന്റെ കരിയറിനും ലഭിച്ച സ്വപ്നതുല്യമായ നിമിഷമാണിതെന്നും സചന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.

അന്താരാഷ്ട്ര ടെലിവിഷൻ ആർട്സ് സയൻസസ് അക്കാദമി ബോർഡ് അംഗം കവിത ഗുപ്തയാണ് ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ആദ്യം നടന്ന എൽഎസിഎംഎ (LACMA) ഗാലയിൽ വച്ച് നല്ല മൂന്ന് ഇന്ത്യൻ സിനിമകൾ നിർദ്ദേശിക്കാൻ ടോം ഹാങ്ക്സ് ആവശ്യപ്പെട്ടതനുസരിച്ചാണ് കവിത ‘മഹാരാജ’ ശുപാർശ ചെയ്തത്. തുടർന്ന് നവംബർ 7-ന് മറ്റൊരു ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം സ്വമേധയാ സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയായിരുന്നു. “എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല, ഞാൻ ആ വില്ലനെ കൊന്നേനെ” എന്നും സിനിമയിലെ സചനയുടെ കഥാപാത്രത്തെ പരാമർശിച്ച് ടോം ഹാങ്ക്സ് പറഞ്ഞതായി കവിത വ്യക്തമാക്കി.

വിജയ് സേതുപതിയുടെ മകൾ ജ്യോതി എന്ന കഥാപാത്രമായാണ് സചന ചിത്രത്തിൽ വേഷമിട്ടത്. ഈ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സചനയെ തേടിയെത്തിയിരുന്നു. ‘മഹാരാജ’യുടെ ഭാഗമാകാൻ അവസരം നൽകുകയും പിന്തുണയ്ക്കുകയും ചെയ്ത സംവിധായകൻ നിതിലൻ സ്വാമിനാഥനോട് എന്നും നന്ദിയുള്ളവളായിരിക്കുമെന്നും സചന കൂട്ടിച്ചേർത്തു.

‘ലക്ഷ്മി’ എന്ന് പേരിട്ട ചവറ്റുകുട്ട മോഷണം പോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു ബാർബറുടെയും, അതിന് പിന്നിലെ അപ്രതീക്ഷിത രഹസ്യങ്ങളുടെയും കഥ പറഞ്ഞ ചിത്രം വലിയ നിരൂപക-പ്രേക്ഷക പ്രശംസ നേടിയിരുന്നു. അനുരാഗ് കശ്യപ്, നാട്ടി സുബ്രഹ്മണ്യം, മംമ്ത മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹോളിവുഡ് റീമേക്കും നിലവിൽ അണിയറയിൽ ഒരുങ്ങുകയാണ്. ഹോളിവുഡ് പതിപ്പിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും, ‘മഹാരാജ 2’-ന്റെ കഥ സംവിധായകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിജയ് സേതുപതി നേരത്തെ വ്യക്തമാക്കിയിരുന്നു.