“രാഷ്ട്രീയം നിരീക്ഷിക്കലല്ല എന്റെ ജോലി, എനിക്ക് വേറെയും ജോലികൾ ഉണ്ട്”; ബിഗ്‌ബോസ് വിവാദത്തിൽ വിജയ് സേതുപതി

','

' ); } ?>

തമിഴ് ബിഗ് ബോസിലെ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കും മറുപടിയുമായി നടൻ വിജയ് സേതുപതി. ബിഗ് ബോസ് മത്സരാർഥിയെക്കുറിച്ച് താൻ നടത്തിയ പരാമർശം മുഖ്യമന്ത്രിയെയും ഭരണകൂടത്തെയും ലക്ഷ്യംവെച്ചുള്ളതാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അദ്ദേഹം തള്ളി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകൾ വ്യക്തമാക്കിയത്.

മുഖ്യമന്ത്രി വിജയിയെ തനിക്ക് സഹനടൻ എന്ന നിലയിൽ മാത്രമേ അറിയൂ എന്നും ‘മാസ്റ്റർ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. സർക്കാരുകളുടെ നയങ്ങളും പദ്ധതികളും അവ നടപ്പിലാക്കുന്ന രീതിയുമാണ് പ്രധാനമെന്നും രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും തന്റെ ജോലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തേക്കാൾ സേവനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇതുവരെ ഏകദേശം രണ്ട് ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

സിനിമാ പ്രവർത്തകർക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പറയാൻ മടിയില്ലെങ്കിലും, വ്യത്യസ്ത അഭിപ്രായങ്ങളെ മാന്യമായി സ്വീകരിക്കാനുള്ള പക്വത ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിനില്ലെന്ന് വിജയ് സേതുപതി വിമർശിച്ചു. ഏത് സർക്കാർ അധികാരത്തിലിരുന്നാലും ഈ അവസ്ഥയ്ക്ക് മാറ്റമില്ലെന്നും വിഷയങ്ങൾ പഠിക്കാതെ സംസാരിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സിനിമകൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ദൗർഭാഗ്യകരമാണെന്നും സമൂഹമാധ്യമങ്ങളുടെ പ്രവർത്തനരീതി പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ് 10-ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ്

വിജയ്, ഓഗസ്റ്റ് 17-ന് പദവിയിൽ 100 ദിവസം പൂർത്തിയാക്കിയിരുന്നു. ജൂലൈ 23-ന് തിയേറ്ററുകളിലെത്തിയ ‘ജനനായകൻ’ ആണ് വിജയ് അഭിനയിച്ച അവസാന ചിത്രം. ബോക്സ് ഓഫീസിൽ വിജയം നേടിയ ‘ബത്ത’യിലാണ് വിജയ് സേതുപതി ഒടുവിൽ അഭിനയിച്ചത്. സായ് പല്ലവി നായികയാകുന്ന മണിരത്നം ചിത്രം ‘ഇഞ്ചി വെല്ലം’ ആണ് വിജയ് സേതുപതിയുടെ അടുത്ത ചിത്രം; ജനുവരി 29-ന് ഇത് റിലീസ് ചെയ്യും.

സേതുപതിയുടെ വാക്കുകൾ

‘ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, അവർ പ്രഖ്യാപിക്കുന്ന നയങ്ങളും പദ്ധതികളും, അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതുമാണ് പ്രധാനം. അതിനപ്പുറം രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും എന്റെ ജോലിയല്ല. എനിക്ക് വേറെയും ജോലികളുണ്ട്.

രാഷ്ട്രീയം എന്നാൽ അധികാരമോഹമല്ല. മറിച്ച് സേവനമാണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി, ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇതുവരെ ഏകദേശം രണ്ട് ലക്ഷം പേർക്ക് ജോലി കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.

ഒന്നാമതായി, ഞങ്ങൾ സിനിമാ പ്രവർത്തകരാണ്. രണ്ടാമതായി, രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ, വ്യത്യസ്ത അഭിപ്രായങ്ങളെ മാന്യമായി സ്വീകരിക്കാനുള്ള പക്വത ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷത്തിനില്ല എന്നതാണ് പ്രശ്‌നം. ഏത് സർക്കാർ അധികാരത്തിലിരുന്നാലും ഇതുതന്നെയാണ് അവസ്ഥ.

ഒരു വിഷയത്തെക്കുറിച്ച് അർഥവത്തായി സംസാരിക്കണമെങ്കിൽ അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും വേണം. അല്ലാത്തപക്ഷം അത് കേവലമൊരു പരാമർശമായി മാറും. സിനിമയിലാണ് തങ്ങൾ ശ്രദ്ധാകേന്ദ്രീകരിക്കുന്നത്. പഠിക്കാത്ത
കാര്യങ്ങളെക്കുറിച്ച് വെറുതെ സംസാരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഇത്തരം പ്രസ്താവനകൾക്ക് പിന്നാലെയുണ്ടാകുന്ന വിമർശനങ്ങൾ തങ്ങളുടെ സിനിമകളെ ബാധിക്കാൻ പാടില്ലാത്തതാണ്. എന്നാൽ, ഇന്നത്തെ സാമൂഹികമാധ്യമങ്ങൾ അങ്ങനെയല്ല പ്രവർത്തിക്കുന്നത്.