അനന്ത് അംബാനി-ഷാറുഖ് വിവാദം; വൈറൽ വിഡിയോയ്ക്കെതിരെ നിയമനടപടിയുമായി ഷാറുഖ് ഖാൻ ; തിരുത്താൻ 48 മണിക്കൂർ സമയം

','

' ); } ?>

അനന്ത് അംബാനി തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ ഇൻസ്റ്റാഗ്രാം റീലിനെതിരെ നിയമനടപടിയുമായി ബോളിവുഡ് താരം ഷാറുഖ് ഖാൻ. വിഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുവിഗ്യ ശർമയ്ക്ക് താരം മാനനഷ്ട നോട്ടീസ് അയച്ചു. വിഡിയോ നീക്കം ചെയ്യുന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങൾ നടപ്പിലാക്കാൻ തിങ്കളാഴ്ച അയച്ച നോട്ടീസിൽ 48 മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന അവകാശവാദങ്ങൾ തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന് ഷാറുഖ് ഖാൻ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. വിവാദ റീൽ ഉടൻ നീക്കം ചെയ്യുക, ഈ പ്രചാരണം അവസാനിപ്പിക്കുക, അനുബന്ധ അടിക്കുറിപ്പുകളും പ്രസ്താവനകളും തിരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുക, യഥാർത്ഥ ദൃശ്യങ്ങളും രേഖകളും കേടുപാടുകൾ കൂടാതെ സൂക്ഷിക്കുക, ആവശ്യങ്ങൾ നടപ്പിലാക്കിയെന്ന് രേഖാമൂലം സ്ഥിരീകരിക്കുക എന്നിവയാണ് നോട്ടീസിലെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ, നിയമനടപടിക്കെതിരെ സുവിഗ്യ ശർമ്മയും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാപരമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന വിമർശനം മാത്രമാണ് താൻ നടത്തിയതെന്ന് പുറത്തുവിട്ട വിഡിയോയിലൂടെ അവർ പ്രതികരിച്ചു. “ഷാറുഖ് ഖാനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടയാൾ അദ്ദേഹത്തെ അപമാനിച്ചില്ലെന്നാണോ? അതോ അപമാനിക്കപ്പെട്ടെന്ന് തുറന്നുപറയാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്നാണോ? എന്നാൽ ഞങ്ങൾ അദ്ദേഹത്തെ അപമാനിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം,” സുവിഗ്യ ചോദിച്ചു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിന് മുന്നോടിയായി അമൃത ഫഡ്‌നാവിസിന്റെ ദിവ്യജ് ഫൗണ്ടേഷൻ മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ‘ഗ്ലോബൽ പീസ് ഓണേഴ്‌സ് 2026’ വേദിയിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. കലാ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, സദ്ഗുരുവുമായി സംസാരിച്ചുകൊണ്ടിരുന്ന അനന്ത് അംബാനിയുടെ സംഭാഷണത്തിൽ ഷാറുഖ് ഖാൻ ഇടപെടാൻ ശ്രമിക്കുന്നതും, അനന്ത് കൈവിരൽ ചൂണ്ടി നിശബ്ദനാകാൻ ആവശ്യപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എന്നാൽ, ഇവർ തമ്മിൽ യഥാർത്ഥത്തിൽ സംസാരിച്ചത് എന്താണെന്ന് വിഡിയോയിൽ വ്യക്തമല്ല. അനന്ത് അംബാനി സദ്ഗുരുവുമായി സംസാരിക്കുന്നതും ഷാറുഖ് ഖാനുമായി സംസാരിക്കുന്നതുമായ വ്യത്യസ്ത വിഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർത്താണ് തെറ്റിദ്ധാരണാജനകമായ റീൽ നിർമ്മിച്ചിരിക്കുന്നതെന്നാണ് ആരോപണം.