കരിയറിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ കൈപിടിച്ചുയർത്തിയത് സന; പ്രണയകഥ തുറന്നുപറഞ്ഞ് ഹക്കീം ഷാജഹാൻ

','

' ); } ?>

സിനിമ ഉപേക്ഷിച്ച് തിരിച്ചുപോകാൻ തീരുമാനിച്ച ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ തന്നെ കൈപിടിച്ചുയർത്തിയത് ഭാര്യയും നടിയുമായ സന അൽത്താഫാണെന്ന് നടൻ ഹക്കീം ഷാജഹാൻ. കയ്യിൽ പണമില്ലാതിരുന്ന കാലത്ത് തന്നെ സാമ്പത്തികമായും മാനസികമായും ചേർത്തുപിടിച്ചത് സനയാണെന്നും ജീവിതാവസാനം വരെ അവളുടെ എല്ലാ സ്വപ്നങ്ങൾക്കും താൻ ഒപ്പമുണ്ടാകുമെന്നും താരം വ്യക്തമാക്കി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹക്കീം തങ്ങളുടെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്നത്.

‘മറിയം മുക്ക്’ എന്ന സിനിമയുടെ സമയത്ത് സനയ്ക്ക് ആക്ടിംഗ് വർക്ക്‌ഷോപ്പ് എടുക്കാൻ പോയപ്പോഴാണ് ആദ്യമായി കാണുന്നത്. ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടം തോന്നിയെങ്കിലും, രണ്ട് ദിവസത്തെ ക്ലാസിന് ശേഷമാണ് സനയ്ക്ക് അന്ന് 15-16 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്ന് മനസ്സിലായത്. സിനിമയിലെ പ്രകടനം കണ്ടപ്പോൾ വലിയ പക്വത തോന്നിയിരുന്നുവെന്നും, പ്രായക്കുറവ് അറിഞ്ഞതോടെ പിന്നീട് മെസേജ് അയക്കാനോ അടുപ്പം കാണിക്കാനോ പോയില്ലെന്നും ഹക്കീം പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം സിനിമയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. തൊട്ടുപിന്നാലെ ലോക്ക്ഡൗൺ എത്തിയതോടെ പരസ്പരം സംസാരിക്കാൻ കൂടുതൽ സമയം ലഭിച്ചു. കരിയറിലും വ്യക്തിജീവിതത്തിലും തകർന്നുനിന്നിരുന്ന ആ കാലഘട്ടത്തിൽ സന നൽകിയ പ്രചോദനമാണ് തന്നെ വീണ്ടും ജീവിതത്തിലേക്കും സിനിമയിലേക്കും തിരികെ കൊണ്ടുവന്നതെന്ന് താരം ഓർത്തെടുക്കുന്നു.

സനയുടെ പ്രശസ്തി കാരണം പലയിടത്തും ആളുകൾ തന്നെ ‘അൽത്താഫ്’ എന്നാണ് വിളിക്കാറുള്ളതെന്നും അത് സനയുടെ ആരാധകരാണെന്ന് തനിക്ക് പെട്ടെന്ന് മനസ്സിലാകാറുണ്ടെന്നും ഹക്കീം ചിരിയോടെ പങ്കുവെച്ചു. തനിക്ക് ജീവിതം തിരിച്ചുനൽകിയ സനയ്ക്ക് വേണ്ടി മരണം വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹക്കീമിന്റെ വാക്കുകൾ

”സന എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് തന്നെ മോട്ടിവേഷനാണ്. അവളാണ് എനിക്ക് ജീവിതം തന്നത്. എല്ലാ പരിപാടിയും നിര്‍ത്തി, തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോഴാണ് സനയുമായുള്ള റിലേഷന്‍ഷിപ്പ് തുടങ്ങുന്നത്. എന്റെ പൊന്നോ, അതേക്കുറിച്ച് പറയാന്‍ വലിയൊരു ഇന്റര്‍വ്യു തന്നെ വേണ്ടി വരും. എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യമാണ് സന. വല്ലാത്തൊരു യാദൃശ്ചികതയായിരുന്നു. അവള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇന്ന് ഇവിടെ വന്നിരുന്ന് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. അവള്‍ മറിയം മുക്ക് ചെയ്ത് നില്‍ക്കുന്ന സമയത്താണ് കാണുന്നത്. സന എന്നൊരു പെണ്‍കുട്ടിയുണ്ട്, ആക്ടീങ് വര്‍ക്ക് ഷോപ്പ് എടുക്കണമെന്ന് പറഞ്ഞു. അങ്ങനെ പോയപ്പോഴാണ് ആദ്യമായി കാണുന്നത്. കണ്ടപ്പോള്‍ തന്നെ ഞാന്‍ ഫ്‌ളാറ്റായി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. രണ്ട് ദിവസത്തെ ക്ലാസൊക്കെ കഴിഞ്ഞപ്പോഴാണ് അറിയുന്നത് 15-16 വയസേ ഉള്ളൂവെന്ന്. പക്ഷെ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര പക്വത തോന്നുമായിരുന്നു.

അതിനാല്‍ മെസേജ് അയക്കാനോ സംസാരിക്കാനോ എന്നും ഞാന്‍ പോയിട്ടില്ല. എന്റെ ജീവിതം പിന്നേയും തുടര്‍ന്നു. അഞ്ചാറ് വര്‍ഷക്കാലം സിനിമയുടെ പിന്നാലെ അഭിനയിക്കലും മറ്റുമായി നടന്നു. ഇതിനിടെ ഒരു പ്രണയ ബന്ധമുണ്ടാവുകയും അത് പൊളിയുകയും ചെയ്തു. കറങ്ങിത്തിരിഞ്ഞ് വീണ്ടും ഞാന്‍ ഫ്‌ളാറ്റില്‍ തന്നെ എത്തി. അപ്പോഴാണ് ഞങ്ങള്‍ വീണ്ടും കാണുന്നതും സംസാരിക്കുന്നതും. പിന്നെ ലോക്ക്ഡൗണ്‍ വന്നു. ഞങ്ങള്‍ മാത്രമേ സംസാരിക്കാനായി ഞങ്ങള്‍ക്കുള്ളൂ ആ സമയം. എന്റെ ഏറ്റവും മോശം സമയത്താണ് ഞാനപ്പോള്‍.

അവള്‍ തന്നെ മോട്ടിവേഷനിലാണ് മുന്നോട്ട് പോയത്. എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. കാശില്ലായിരുന്നു. എന്നെ ഒരുപാട് നാള്‍ അവള്‍ നോക്കിയിട്ടുണ്ട്. അവളുടെ കാശിനാണ് ഞാന്‍ ഒരുപാട് നാള്‍ ജീവിച്ചത്. എല്ലാത്തരത്തിലും എന്നെ മോട്ടിവേറ്റ് ചെയ്ത്, എന്നെ വീണ്ടും ട്രാക്കിലെത്തിച്ചത് പുള്ളിക്കാരിയാണ്.

പല സ്ഥലങ്ങളിലും എന്നെ അല്‍ത്താഫേ എന്നാണ് വിളിക്കുന്നത്. ആളുകളുടെ വിചാരം എന്റെ പേര് അല്‍ത്താഫ് ആണെന്നാണ്. അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് മനസിലാകും സനയുടെ ഫാന്‍ ആണെന്ന്. അവളുടെ എല്ലാകാര്യങ്ങളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവിതം തന്നത് തന്നെ അവളാണ്. അവള്‍ക്ക് എന്ത് വേണോ, എല്ലാത്തിനും ഞാന്‍ കൂടെയുണ്ടാകും. ജീവിതാവസാനം വരെ, മരണം വരെയുണ്ടാകും. വേറൊന്നും എനിക്ക് ചെയ്യാനില്ല.”