“ടീച്ചർമാർ മെറ്റേണിറ്റി ലീവിന് ശേഷം ജോലിക്ക് കയറുമ്പോൾ ആർക്കും പ്രശ്നമില്ലല്ലോ, ഞാൻ വർക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ”; മിയ

','

' ); } ?>

വിവാഹത്തിനും മാതൃത്വത്തിനും ശേഷം നടിമാർ അഭിനയരംഗത്തേക്ക് തിരിച്ചുവരില്ലെന്ന പൊതുധാരണയ്ക്കെതിരെ നടി മിയ ജോർജ് രംഗത്ത്. താൻ സിനിമയിൽ സജീവമായി തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്ക് വേണ്ടി മറ്റുള്ളവർ തീരുമാനമെടുക്കേണ്ടതില്ലെന്നും മിയ വ്യക്തമാക്കി.

ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികളാണെന്നും അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ താല്പര്യമില്ലെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ‘കോസ്മിക് സാംസൺ’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മിയ മനസ്സുതുറന്നത്.

വിവാഹം കഴിഞ്ഞു കുട്ടിയായാൽ നടിമാർ തിരിച്ചുവരില്ലെന്ന ധാരണ മറ്റുള്ളവർ നമ്മളിലേക്ക് അടിച്ചേൽപ്പിക്കുകയാണെന്ന് മിയ ചൂണ്ടിക്കാണിച്ചു. തങ്ങൾ അഭിനയത്തിന് തയ്യാറാണോ എന്ന് ആരും ചോദിക്കാറില്ലെന്നും, കുട്ടിയായതുകൊണ്ട് ഇനി വരില്ലായിരിക്കുമെന്ന് സ്വയം വിചാരിക്കുകയാണ് പതിവെന്നും അവർ പറഞ്ഞു. എന്തിനാണ് എനിക്ക് വേണ്ടി മറ്റുള്ളവർ ചിന്തിക്കുന്നതെന്ന് പലരോടും ചോദിക്കാൻ തോന്നിയിട്ടുണ്ടെന്നും എന്നാൽ എല്ലാവരോടും അതിന് സാധിച്ചിട്ടില്ലെന്നും മിയ വ്യക്തമാക്കി.

മറ്റേത് മേഖലയിലെയും പോലെ, ഒരു അധ്യാപിക പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ആർക്കും അതിൽ ചോദ്യങ്ങളോ എതിർപ്പുകളോ ഉണ്ടാകാറില്ല. എന്നാൽ സിനിമാ മേഖലയിൽ മാത്രം വിവാഹശേഷവും മാതൃത്വത്തിന് ശേഷവും നടിമാർ തിരിച്ചുവരില്ലെന്ന മുൻവിധിയാണുള്ളതെന്ന് അവർ പറഞ്ഞു. താൻ അഭിനയിക്കാൻ തയ്യാറാണെന്നും ഇപ്പോഴും ഈ രംഗത്ത് തന്നെയുണ്ടെന്നും ആളുകളെ ബോധ്യപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്നും മിയ ജോർജ് വ്യക്തമാക്കി.

മിയയുടെ വാക്കുകൾ

“കല്യാണം കഴിച്ചുപോയ നായികമാർ അല്ലെങ്കിൽ നടിമാർ തിരിച്ചു വരില്ലായിരിക്കും എന്നൊരു ചിന്ത നമ്മൾ പോലും അറിയാതെ നമ്മുടെ തലയിൽ കൊണ്ടുവന്നിടും. നമ്മൾ തയ്യാറാണോ എന്ന് ആരും ചോദിക്കില്ല. കുട്ടിയൊക്കെ ആയതുകൊണ്ട് ഇനി വരില്ലായിരിക്കും എന്നൊക്കെ മറ്റുള്ളവർ അങ്ങ് വിചാരിക്കും. എന്തിനാണ് എനിക്ക് വേണ്ടി നിങ്ങൾ ചിന്തിക്കുന്നത് എന്ന് പലരോടും ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്.

പക്ഷേ എല്ലാവരോടും ചോദിക്കാൻ പറ്റിയിട്ടില്ല. ഞാൻ വർക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ. ഒരു ടീച്ചർ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് വീണ്ടും പഠിപ്പിക്കാൻ പോകുമ്പോൾ ആർക്കും അതിൽ പ്രശ്നമില്ല, ചോദ്യങ്ങളുമില്ല. ഏത് പ്രൊഫഷനിലും അങ്ങനെയുണ്ട്. എന്നാൽ നടിമാരുടെ കാര്യം വരുമ്പോൾ മാത്രം കല്യാണം കഴിഞ്ഞ് കുട്ടിയായാൽ അവർ ഇനി അഭിനയിക്കാൻ വരില്ലായിരിക്കും എന്നൊരു ധാരണ ഉണ്ടാകുന്നു.

ഈ ഒരു പ്രൊഫഷനിൽ മാത്രം നമുക്ക് വേണ്ടി മറ്റാരൊക്കെയോ തീരുമാനമെടുത്ത് വെക്കുകയാണ്. ഞാൻ അഭിനയിക്കാൻ റെഡിയാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ വർക്ക് ചെയ്യാൻ തയ്യാറാണ്, ഇവിടെത്തന്നെയുണ്ട് എന്ന കാര്യം ആളുകളെ മനസിലാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്.”