
‘രാമായണ’ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനങ്ങളെക്കുറിച്ച് നടി തനിഷ മുഖർജി പങ്കുവച്ച സമ്മിശ്ര പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നു. സീതയായി എത്തിയ സായ് പല്ലവി കഥാപാത്രത്തിന് ചേരുന്നില്ലെന്നും രാവണനായി എത്തിയ യഷിന്റെ പ്രകടനത്തിൽ കൂടുതൽ ആഴം വേണമായിരുന്നുവെന്നും തനിഷ എക്സിൽ കുറിച്ചു. എന്നാൽ, ശ്രീരാമനായി വേഷമിട്ട രൺബീർ കപൂറിന്റെ അഭിനയത്തെ അവർ വാനോളം പുകഴ്ത്തി. മൂന്ന് കുറിപ്പുകളായാണ് താരം തന്റെ സിനിമാനുഭവം വ്യക്തമാക്കിയത്.
സിനിമയുടെ ദൃശ്യഭംഗിയും കഥയും മികച്ചതാണെന്ന് അഭിപ്രായപ്പെട്ട തനിഷ, സായ് പല്ലവി സ്ക്രീനിൽ വരുമ്പോൾ ദൃശ്യാനുഭവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതായി തോന്നിയെന്ന് വ്യക്തമാക്കി. രാവണന്റെ വേഷത്തിൽ യഷിന്റെ കായികശക്തിയും ശരീരഭാഷയും മികച്ചുനിന്നെങ്കിലും, കഥാപാത്രത്തിന്റെ പണ്ഡിതഭാവവും വൈകാരിക തലങ്ങളും വേണ്ടത്ര പൂർണതയിലെത്തിയില്ലെന്നാണ് തനിഷയുടെ വിലയിരുത്തൽ. ശൂർപ്പണഖയുടെ ഭർത്താവിനെ കൊല്ലുന്ന രംഗത്തിലും സീതയെ സമീപിക്കുന്ന ഭാഗത്തും കൂടുതൽ ഭാവപ്പകർച്ചകളും ആർദ്രതയും ആവശ്യമായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു.
അതേസമയം, ‘അനിമൽ’ എന്ന ചിത്രത്തിന് ശേഷം ശ്രീരാമനായി രൺബീർ കപൂറിനെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നും തനിഷ കുറിച്ചു. വനവാസ വേദനയും കൈകേയിയോടുള്ള ആഘാതവും സീതയോടും ലക്ഷ്മണനോടുമുള്ള കരുതലും ശാന്തമായ ഭാവവുമെല്ലാം രൺബീർ സ്വാഭാവികമായി അവതരിപ്പിച്ചുവെന്നും ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണെന്നും തനിഷ കൂട്ടിച്ചേർത്തു.
തനിഷയുടെ വാക്കുകൾ:
‘രാമായണ സിനിമ കാണാൻ അല്പം വൈകിയെങ്കിലും ഒടുവിൽ കണ്ടു! എന്റെ അഭിപ്രായം ഇതാ! മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ഇതിൽ നിറയെ ‘രാമൻ’ തന്നെയാണ്! രൺബീർകപൂർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ‘അനിമൽ’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ട്, ശ്രീരാമന്റെ വേഷത്തിൽ അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, അത്ഭുതകരം! അദ്ദേഹം തികച്ചും അനുയോജ്യനായിരുന്നു!
ഇനി സായിപല്ലവി, അവർ മികച്ചൊരു നടിയാണെന്നതിൽ സംശയമില്ല, പക്ഷേ സീത എന്ന കഥാപാത്രത്തിന് അവർ ഒട്ടും ചേരുന്നില്ല എന്ന് എനിക്ക് തോന്നി! അവർ വരുമ്പോൾ ആ ദൃശ്യാനുഭവവുമായുള്ള എന്റെ ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടുന്നതുപോലെ തോന്നി! എന്നാൽ സിനിമയിലെ ദൃശ്യങ്ങൾ, കഥ, അഭിനയം എന്നിവയെല്ലാം അതിമനോഹരമാണ്! രാവണൻ ആയി എത്തിയ യഷ് ഗംഭീരമായി! പ്രതീക്ഷകൾക്കും അപ്പുറം തന്റെ കഥാപാത്രത്തെ അദ്ദേഹം പൂർണതയിലെത്തിച്ചു. ശ്രീരാമനും രാവണനും വേഷമിട്ട അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളെ അത്രത്തോളം ഉൾക്കൊണ്ടിരുന്നു! രാമന് ഒത്ത എതിരാളിയാണ് രാവണൻ. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.
മറ്റൊരു പോസ്റ്റിൽ തനിഷ ഇങ്ങനെ കുറിച്ചു: ‘ഏരാമായണത്തിൽ ശ്രീരാമനായി രൺബീർകപൂർ എങ്ങനെ തിളങ്ങി എന്നതിനെക്കുറിച്ചുള്ള വിശദീകരണം. ഒന്നാമതായി, അദ്ദേഹത്തിലൂടെ എനിക്ക് പല മാനങ്ങളുള്ള ഒരു കഥാപാത്രത്തെ കാണാൻ സാധിച്ചു. പിതാവ് വനവാസത്തിന് അയച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ വേദനയും അതിന് പിന്നിൽ കൈകേയിയാണെന്ന് അറിഞ്ഞപ്പോൾ ഒരു അമ്മയുടെ സ്ഥാനത്തുണ്ടായിരുന്ന ഒരാളിൽ നിന്നേറ്റ ആഘാതവും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. സീതയോടുള്ള ആദരവും സ്നേഹവും ലക്ഷ്മണനോടുള്ള സ്നേഹനിർഭരമായ പെരുമാറ്റവും അവരെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ കരുതലും എനിക്ക് കാണാനായി. കഥാപാത്രത്തെ എഴുതിയ രീതിയിലല്ല, മറിച്ച് താൻ കടന്നുപോകുന്ന വികാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനയപാടവമാണ് ഇവിടെ എടുത്തു പറയേണ്ടത്.
സീതയെ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ഞെട്ടലും വേദനയും ഒപ്പം ഉറച്ച തീരുമാനവും! ഏറ്റവും മികച്ച കാര്യം, അദ്ദേഹത്തിന്റെ ശാന്തമായ ഭാവമാണ്; ശ്രീരാമൻ എന്ന സങ്കൽപ്പത്തെ അദ്ദേഹം അത്രത്തോളം സ്വാഭാവികമായി ഉൾക്കൊണ്ടിരുന്നു. അദ്ദേഹം ‘ശ്രീരാമനായി’ ജീവിക്കുകയായിരുന്നു, അല്ലാതെ രാമനായി അഭിനയിക്കാൻ ശ്രമിക്കുകയായിരുന്നില്ല!’
അവസാന പോസ്റ്റിലാണ് തനിഷ രാവണന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പരാമർശിച്ചത്. തനിഷയുടെ വാക്കുകൾ: ‘രാവണനായി യഷ്. ചിലപ്പോൾ എന്റെ അഭിപ്രായത്തോട് മറ്റുള്ളവർ യോജിച്ചെന്നു വരില്ല. എന്റെ മുത്തശ്ശിക്കൊപ്പം ‘രാമരാജ്യം’ കണ്ടുകൊണ്ടാണ് നമ്മുടെ സംസ്കാരത്തിന്റെ ഈ ഭാഗവുമായി ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. അതുകൊണ്ട് തന്നെ, ഈ സിനിമ കണ്ടപ്പോൾ എനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കാതിരിക്കാൻ വയ്യ! ഒരു നടനെന്ന നിലയിൽ എനിക്ക് യഷിനെ ഇഷ്ടമാണ്. വ്യക്തിപരമായി അദ്ദേഹം വളരെ പുരോഗമന ചിന്താഗതിക്കാരനാണെന്നും തോന്നുന്നു.
എന്നാൽ ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം എന്നെ അല്പം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ അഭിനയത്തിൽ നിറഞ്ഞുനിന്നത് കേവലം ശക്തി മാത്രമായിരുന്നു! മികച്ച ശരീരഭാഷയും ആക്ഷൻ രംഗങ്ങളും അഹങ്കാരവും ഗർവും എല്ലാം ഗംഭീരമായിരുന്നു! പക്ഷേ, രാവണൻ എന്ന കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം, അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഷ് ഒരു ശക്തമായ വില്ലൻ വേഷം കാഴ്ചവച്ചു, എന്നാൽ രാവണൻ വെറുമൊരു വില്ലൻ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു പണ്ഡിതനും ബ്രാഹ്മണനും അറിവുള്ള വ്യക്തിയുമായിരുന്നു. ആഴചിന്തയുള്ള, ഏതാണ്ട് ധ്യാനനിരതനായ ഒരാളായിരുന്നു അദ്ദേഹം.
ഈ കഥാപാത്രത്തെ അദ്ദേഹം എത്രത്തോളം വ്യത്യസ്തമായ തലങ്ങളിലേക്ക് കൊണ്ടുപോകാമായിരുന്നു എന്നതിന്റെ ചില സൂചനകൾ അവിടെയുണ്ടായിരുന്നു, പക്ഷേ അദ്ദേഹം അത് ചെയ്തില്ല. ശൂർപ്പണഖയുടെ ഭർത്താവിനെ കൊല്ലുന്ന രംഗത്തിൽ, അല്പം ആർദ്രതയോ സഹാനുഭൂതിയോ ആവശ്യമായിരുന്നു. അത് അദ്ദേഹത്തെ ദുർബലനാക്കില്ലായിരുന്നു, മറിച്ച് കഥാപാത്രത്തിന് കൂടുതൽ ആഴം നൽകിയേനെ!
രാവണൻ എന്നത് വെറും ദേഷ്യവും അഹങ്കാരവും മാത്രമായിരുന്നില്ല. അദ്ദേഹം തന്ത്രശാലിയും പണ്ഡിതനുമായിരുന്നു. സീതയുടെ അടുക്കൽ ഒരു സാധുവിന്റെ വേഷത്തിൽ എത്തുന്ന രംഗത്തിലും ദേഷ്യം മാത്രമാണ് കണ്ടത്. അവിടെ സൗമ്യത, അപേക്ഷ, അസ്വസ്ഥത, ദേഷ്യം എന്നിങ്ങനെ പല ഭാവങ്ങൾ മാറിമാറി വരണമായിരുന്നു! എന്നിരുന്നാലും, രൺബീറിനൊപ്പം നിൽക്കാൻ യാഷിന് സാധിച്ചു. രാവണന്റെ ശക്തിയെ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് അതീവ ദുഷ്കരമായ ഒരു കാര്യമാണ്; ആ നിലയ്ക്ക്, അദ്ദേഹം മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു എന്ന് പറയാതെ വയ്യ.’