
നാല്പത്തിനാലാം വയസ്സിൽ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് അവതാരക രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രായം, ആത്മവിശ്വാസം, സമൂഹത്തിലെ ഇരട്ടത്താപ്പ് എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ തുറന്നുപറഞ്ഞത്. പ്രായമാകുന്നതിനെ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്ന് ചോദിക്കുന്ന രഞ്ജിനി, പ്രായം മറച്ചുവെക്കേണ്ട ഒന്നല്ലെന്നും അഭിമാനത്തോടെ അംഗീകരിക്കേണ്ട ജീവിതത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുന്നു.
സ്ത്രീകളുടെ കാര്യത്തിൽ മാത്രമാണ് പ്രായവും രൂപവുമെല്ലാം വലിയ ചർച്ചയാകുന്നതെന്നും പുരുഷന്മാരെ ഇത് ബാധിക്കുന്നില്ലെന്നും രഞ്ജിനി ചൂണ്ടിക്കാണിക്കുന്നു. അമ്പതും അറുപതും വയസ്സുള്ള പുരുഷതാരങ്ങൾ 18 ഉം 20 ഉം 25 ഉം വയസ്സുള്ള നടിമാർക്കൊപ്പം നായകന്മാരായി എത്തുന്നത് സിനിമയിൽ സാധാരണമാണ്. എന്നാൽ പരസ്യങ്ങളിലും സിനിമകളിലുമെല്ലാം സ്ത്രീകൾ എപ്പോഴും പെർഫെക്ട് ആയി കാണപ്പെടണമെന്നാണ് പ്രതീക്ഷ. ഈ ഇരട്ടത്താപ്പിനെ സമൂഹം ഇപ്പോഴും പൂർണമായി മറികടന്നിട്ടില്ലെന്നും അവർ പറയുന്നു.
പ്രായം കുറച്ചു കാണിക്കാൻ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞുനടന്നിരുന്ന താൻ, ആന്റി ഏജിങ് അല്ലെങ്കിൽ ചെറുപ്പമായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ട്രാപ്പിൽ വീണതിനെക്കുറിച്ചാണ് പറഞ്ഞതെന്നും രഞ്ജിനി വ്യക്തമാക്കുന്നു. സൗന്ദര്യവ്യവസായത്തിന്റെ സ്വാധീനത്തിൽ താനും ചിലപ്പോഴൊക്കെ അകപ്പെടാറുണ്ടെന്ന് സമ്മതിക്കുന്ന അവർ, പ്രായമാകുന്നതിന്റെ സ്വാഭാവിക ലക്ഷണങ്ങളെ മറയ്ക്കാൻ സർജറികളും ഫില്ലറുകളും ബോട്ടോക്സുമെല്ലാം തേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും പറയുന്നു. ഒരു ഷൂട്ടിനിടെ കണ്ടുമുട്ടിയ രണ്ട് പെൺകുട്ടികൾ തന്റെ മുഖത്തെ പാടുകളും വരകളും ചൂണ്ടിക്കാട്ടി ബോട്ടോക്സ് ചെയ്യാൻ നിർദേശിച്ച അനുഭവവും രഞ്ജിനി പങ്കുവെച്ചു. എന്നാൽ പ്രായമാകുന്നത് സ്വാഭാവികമാണെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നുമായിരുന്നു മറുപടി.
ഇന്ന് തനിക്ക് ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യവുമുണ്ടെന്ന് രഞ്ജിനി പറയുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനുപകരം സ്വന്തം ശരീരത്തിനും മനസ്സിനും പ്രാധാന്യം നൽകാനാണ് ഈ പ്രായത്തിൽ തീരുമാനിച്ചിരിക്കുന്നത്. പണ്ട് സെറ്റിൽഡ് ആകാനായിരുന്നു പണം ചെലവഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി ധാരാളം ചെലവഴിക്കുന്നുണ്ടെന്നും ജീവിതത്തിന്റെ വേഗത കുറച്ച് ആസ്വദിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രായം തന്നെ ഇമോഷൻലെസ് ആക്കുന്നുണ്ടെന്നും ഡിറ്റാച്ച്മെന്റാണ് താൻ ആഗ്രഹിക്കുന്നതെന്നും രഞ്ജിനി പറയുന്നു. പ്രായമാകുമ്പോൾ ചുറ്റുമുള്ളവരും പ്രായമാകുന്നതും ബന്ധങ്ങളിലെ സമവാക്യങ്ങൾ മാറുന്നതും യാഥാർത്ഥ്യമാണ്. അമ്മയ്ക്കും പ്രായമാകുന്നുവെന്നും ആ ബന്ധത്തിന് ഒരു ഏരിയ കണ്ടെത്തുന്നതിൽ സ്ട്രഗിൾ ചെയ്യുന്നുണ്ടെന്നും അവർ തുറന്നുപറഞ്ഞു.
നാല്പതുകളിൽ പരിക്ക് പറ്റിയാൽ ശരീരം പഴയപടി ആവുക എളുപ്പമല്ലെന്നും ആരോഗ്യത്തിലും ശരീരപരിചരണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും രഞ്ജിനി ഓർമ്മിപ്പിക്കുന്നു. ചെറുപ്പത്തിൽ ആന്റി ഏജിങ്ങിനോട് വലിയ താല്പര്യമില്ലാതിരുന്ന താൻ ഇന്ന് വെൽനെസിനും ബോഡി കെയറിനും പ്രാധാന്യം നൽകുന്നുണ്ട്. പ്രായം കുറയ്ക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ഒരു വർഷം കൊണ്ട് നിരവധി കാര്യങ്ങൾ പഠിച്ചതായും അവർ വ്യക്തമാക്കുന്നു. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നോർത്ത് സ്വന്തം ജീവിതം മാറ്റിവെക്കേണ്ടതില്ലെന്നും നമുക്ക് സന്തോഷവും ആത്മവിശ്വാസവും നൽകുന്ന കാര്യങ്ങൾ ചെയ്യണമെന്നുമാണ് രഞ്ജിനിയുടെ സന്ദേശം. ഒരു ദിവസം 44 വയസ്സാകും, പിന്നീട് 54, 64, 74, 84 എന്നിങ്ങനെ അവസാനം മരണത്തിലേക്ക് എത്തും. ഇത് സ്വാഭാവികമായ കാര്യമാണെന്നും അംഗീകരിച്ച് മുന്നോട്ട് പോവുകയും സാധ്യമായ വഴികളിലൂടെ ഏറ്റവും നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കുകയുമാണ് പ്രധാനമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
രഞ്ജിനിയുടെ വാക്കുകൾ
“അമ്പതും അറുപതും വയസ്സുള്ള പുരുഷതാരങ്ങൾ 18 ഉം 20 ഉം 25 ഉം വയസ്സുള്ള നടിമാർക്കൊപ്പം നായകന്മാരായി എത്തുന്നത് സിനിമയിൽ സാധാരണമാണ്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ പ്രായവും രൂപവുമെല്ലാം വലിയ ചർച്ചയാകുന്നു. പരസ്യങ്ങളിലും സിനിമകളിലുമെല്ലാം സ്ത്രീകൾ എപ്പോഴും പെർഫെക്ട് ആയി കാണപ്പെടണമെന്നാണ് പ്രതീക്ഷ. പുരുഷന്മാരുടെ രൂപത്തിന് ഇതുപോലുള്ള കാര്യങ്ങളില്ല. ഈ ഇരട്ടത്താപ്പിനെ സമൂഹം ഇപ്പോഴും പൂർണമായി മറികടന്നിട്ടില്ല.
ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ഇന്ന് എനിക്കുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനുപകരം സ്വന്തം ശരീരത്തിനും മനസ്സിനും പ്രാധാന്യം നൽകാനാണ് ഈ പ്രായത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഞാൻ എനിക്കുവേണ്ടി കുറേ പണം ചെലവഴിക്കുന്നുണ്ട്. പണ്ട് സെറ്റിൽഡ് ആകാനായിരുന്നു പണം ചെലവഴിച്ചത്. ജീവിതത്തിന്റെ വേഗത കുറച്ച് ആസ്വദിക്കാനാണ് ഇന്ന് ഞാനിഷ്ടപ്പെടുന്നത്.
പ്രായം എന്നെ ഇമോഷൻലെസ് ആക്കുന്നുണ്ട്. പ്രായമാകുമ്പോൾ ഡിറ്റാച്ച്മെന്റാണ് എനിക്ക് വേണ്ടത്. നമുക്ക് മാത്രമല്ല, നമ്മുടെ മുൻപുള്ള ജനറേഷനും പ്രായമാകുന്നു. ആ മാറ്റം ഉൾക്കൊള്ളുക പ്രയാസമാണ്. എന്റെ അമ്മയ്ക്കും പ്രായമാകുന്നു. ആ റിലേഷൻഷിപ്പിന് ഒരു ഏരിയ കണ്ടെത്തുന്നതിൽ ഞാൻ സ്ട്രഗിൾ ചെയ്യുന്നുണ്ട്.
എന്നാൽ സൗന്ദര്യവ്യവസായത്തിന്റെ സ്വാധീനത്തിൽ താനും ചിലപ്പോഴൊക്കെ അകപ്പെടാറുണ്ട്. പ്രായമാകുന്നതിന്റെ സ്വാഭാവികമായ ലക്ഷണങ്ങളെ മറയ്ക്കാൻ സർജറികളും ഫില്ലറുകളും ബോട്ടോക്സുമെല്ലാം തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഒരു ഷൂട്ടിനിടെ കണ്ടുമുട്ടിയ രണ്ട് പെൺകുട്ടികൾ എന്റെ മുഖത്തെ പാടുകളും വരകളും ചൂണ്ടിക്കാട്ടി ബോട്ടോക്സ് ചെയ്യാൻ നിർദേശിച്ചു. എന്നാൽ പ്രായമാകുന്നത് സ്വാഭാവികമാണെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നുമായിരുന്നു എന്റെ മറുപടി.
40-കളിൽ പരിക്ക് പറ്റിക്കഴിഞ്ഞാൽ ശരീരം പഴയപടി ആവുക അത്ര എളുപ്പമല്ല; ആരോഗ്യത്തിലും ശരീരപരിചരണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 20-കളിലും മുപ്പതുകളിലുമൊക്കെ ആണെങ്കിൽ എന്തെങ്കിലും പരിക്ക് പറ്റിയാൽ അതിൽനിന്ന് നമ്മൾ വേഗം റിക്കവർ ആകും; പരിക്കിനേക്കുറിച്ച് നമ്മൾ ചിന്തിക്കുക പോലുമില്ല. ചെറുപ്പത്തിൽ ആന്റി ഏജിങ്ങിനോട് വലിയ താല്പര്യമില്ലാതിരുന്ന ഞാൻ ഇന്ന് വെൽനെസിനും ബോഡി കെയറിനും പ്രാധാന്യം നൽകുന്നുണ്ട്.
കൂടാതെ പ്രായം കൂടുമ്പോൾ ചുറ്റുമുള്ളവരും പ്രായമാകുന്നതും ബന്ധങ്ങളിലെ സമവാക്യങ്ങൾ മാറുന്നതും ഈ ഘട്ടത്തിന്റെ മറ്റൊരു യാഥാർഥ്യമാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നോർത്ത് സ്വന്തം ജീവിതം മാറ്റിവെക്കേണ്ടതില്ല. നമുക്ക് സന്തോഷവും ആത്മവിശ്വാസവും നൽകുന്ന കാര്യങ്ങൾ ചെയ്യുക.
പ്രായം മറച്ചുവെക്കേണ്ട ഒന്നല്ല, മറിച്ച് അഭിമാനത്തോടെ അംഗീകരിക്കേണ്ട ജീവിതത്തിന്റെ ഭാഗമാണ്. പ്രായം കുറയ്ക്കുന്നതിനെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാൻ പഠിച്ചതെന്ന് അറിയാമോ? ഞാനിപ്പോൾ അതിൽ എക്സ്പെർട്ട് ആണ്. പ്രായമാവുക എന്നത് വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്. ഒരു ദിവസം നിങ്ങൾക്ക് 44 വയസ്സാകും, പിന്നെ ഒരു ദിവസം 54 ആകും; പിന്നെ 64, 74, 84—അങ്ങനെ അവസാനം ഒരു ദിവസം നമ്മൾ മരിക്കും. പ്രായമാകുന്നത് ആളുകളെ അലട്ടുന്ന ഒരു കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അംഗീകരിച്ച് മുന്നോട്ട് ജീവിതം കൊണ്ടുപോവുക എന്നതാണ് പ്രധാനം. സാധ്യമായ വഴികളിലൂടെ ഏറ്റവും നല്ല രീതിയിൽ തന്നെ ജീവിക്കാൻ ശ്രമിക്കുക.”