
വിവാഹമോചനത്തിന് ശേഷവും മുൻഭർത്താവും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് കുമാറുമായി ചേർന്ന് മകളെ വളർത്തുന്നതിനെക്കുറിച്ച് (കോ-പാരന്റിംഗ്) മനസ്സ് തുറന്ന് ഗായിക സൈന്ധവി. മകളുടെ സന്തോഷത്തിനും സമാധാനത്തിനും മുൻഗണന നൽകിയാണ് തങ്ങൾ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് താരം വ്യക്തമാക്കി.
ഏതൊക്കെയോ കാരണങ്ങളാൽ വേർപിരിഞ്ഞെങ്കിലും, തങ്ങൾക്കിടയിലുണ്ടായിരുന്ന പഴയ സൗഹൃദം ഒരിക്കലും നഷ്ടപ്പെടരുതെന്ന് നിർബന്ധമുണ്ടായിരുന്നു. തങ്ങളുടെ വേർപിരിയൽ മകളെ ഒരു തരത്തിലും ബാധിക്കരുത് എന്ന കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്. പരസ്പരമുള്ള വഴക്കുകളോ വെറുപ്പോ മകൾ ഒരിക്കലും കണ്ടിട്ടില്ലെന്നും സൈന്ധവി പറയുന്നു. അമ്മയുടെ വീട്ടിൽ നിന്ന് അനുവാദമില്ലാത്ത കാര്യങ്ങൾക്ക് അച്ഛന്റെ വീട്ടിൽ നിന്നും അനുവാദം ലഭിക്കില്ല എന്ന തരത്തിൽ കൃത്യമായ ധാരണയോടെയാണ് ഇരുവരും മകളെ വളർത്തുന്നത്. മകൾ കൂടുതലും തന്നോടൊപ്പമാണെങ്കിലും, ജി.വി. പ്രകാശിന് തിരക്കില്ലാത്ത സമയങ്ങളിൽ മകൾ അദ്ദേഹത്തിനൊപ്പമായിരിക്കുമെന്നും സൈന്ധവി കൂട്ടിച്ചേർത്തു.
വേർപിരിയലിന് ശേഷവും ഇരുവരും സംഗീത വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തങ്ങൾ അങ്ങേയറ്റം പ്രൊഫഷണലായതുകൊണ്ടാണ് പിരിഞ്ഞ ശേഷവും ഒരുമിച്ച് പാടാൻ സാധിക്കുന്നതെന്ന് ജി.വി. പ്രകാശ് അടുത്തിടെ പ്രതികരിച്ചിരുന്നു. പരസ്പരമുള്ള ബഹുമാനത്തോടെയാണ് വേദിയിൽ ഒരുമിച്ച് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്കൂൾ കാലം മുതലുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇവരുടെ വേർപിരിയൽ വാർത്ത തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഏറെ ഞെട്ടിച്ചിരുന്നു. അടുത്തിടെ തമിഴ് സിനിമാ ലോകത്ത് നിന്നും തുടർച്ചയായി വിവാഹമോചന വാർത്തകളാണ് പുറത്തുവരുന്നത്. ധനുഷ്-ഐശ്വര്യ രജനികാന്ത് ദമ്പതികൾ 2024-ൽ നിയമപരമായി വേർപിരിഞ്ഞതിന് പിന്നാലെ നടൻ ജയം രവിയും ഭാര്യ ആരതിയും വിവാഹമോചനത്തിന്റെ വക്കിലാണ്.
സൈന്ധവിയുടെ വാക്കുകൾ
ഞങ്ങൾ സംസാരിച്ച് തീരുമാനമെടുത്തതാണ്. ഞങ്ങൾക്ക് ഒരു കുട്ടിയുള്ളതിനാൽ കോ പാരന്റാകണം. എന്താെക്കെയോ കാരണങ്ങളാൽ ഞങ്ങൾ തമ്മിൽ പിരിഞ്ഞു. പക്ഷെ ഞങ്ങൾ നേരത്തെ സുഹൃത്തുക്കളാണ്. ആ സൗഹൃദം ഒരിക്കലും പോകരുതെന്നുണ്ടായിരുന്നു.
പിരിഞ്ഞത് മകളെ ബാധിക്കാൻ പാടില്ല. ഇപ്പോഴും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. അദ്ദേഹത്തിന് വർക്കില്ലാത്തപ്പോൾ മകൾ അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും. ഒന്നുകിൽ ഞാൻ അവിടെ കൊണ്ട് പോകും. അല്ലെങ്കിൽ അദ്ദേഹം വന്ന് പിക്ക് അപ്പ് ചെയ്യും. ഞങ്ങൾ പരസ്പരം വെറുക്കുന്നില്ല. ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല. തീരുമാനമെടുത്തു, ഇങ്ങനെ നടന്നു. അതിന്റെ പേരിൽ വഴക്കിടേണ്ട കാര്യമില്ല.
മകൾക്ക് ഇപ്പോൾ മനസിലാകുന്നുണ്ടോ എന്നെനിക്കറിയില്ല. ഈ വീട്ടിലും പോകും ആ വീട്ടിലും പോകും എന്ന പോലെയാണ്. അവൾ ഒരിക്കലും ഞങ്ങൾ വഴക്കിടുന്നത് കണ്ടിട്ടില്ല. ഇവിടെ നിന്ന് ലഭിക്കാത്ത അനുവാദം അവിടെ നിന്ന് മകൾക്ക് ലഭിക്കില്ല. ഞാനിവിടെ നോ പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെയും നോ ആണ്. പാരന്റിംഗിൽ ഞങ്ങൾ ഒരുമിച്ചാണ്. മകൾ എനിക്കൊപ്പമാണ് കൂടുതൽ സമയവും.