കേക്ക് മുറിക്കാനില്ല, ജാംബ തൈ നടാം! പൃഥ്വിരാജിന്റെ ഫോളോയും 300K നേട്ടവും ആഘോഷിച്ച് ഷാജിർ

','

' ); } ?>

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മൂന്ന് ലക്ഷം ഫോളോവേഴ്സ് പിന്നിട്ടതും നടൻ പൃഥ്വിരാജ് സുകുമാരൻ ഫോളോ ചെയ്യാൻ തുടങ്ങിയതും കേക്ക് മുറിക്കുന്നതിന് പകരം രണ്ട് ജാംബ തൈകൾ നട്ടുകൊണ്ട് വേറിട്ട രീതിയിൽ ആഘോഷിച്ച് കോണ്ടന്റ് ക്രിയേറ്റർ ഷാജിർ. തെങ്ങുകയറ്റ തൊഴിലാളിയും പ്രചോദനാത്മക റീലുകളിലൂടെ ശ്രദ്ധേയനുമായ ഷാജിർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇൻസ്റ്റഗ്രാമിൽ 64 പേരെ മാത്രമാണ് പൃഥ്വിരാജ് സുകുമാരൻ ഫോളോ ചെയ്യുന്നത്; അതിലൊരാളായി മാറാൻ കഴിഞ്ഞതാണ് ഷാജിറിനെ സന്തോഷിപ്പിച്ചത്. നേരത്തെ ഷാജിറിന്റെ റീൽ പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പങ്കുവച്ചിരുന്നു.

രാവിലെ ജോലിക്ക് പോകുന്നതിനിടെ മഞ്ഞുമൂടിയ വയലിന്റെ തീരത്തിരുന്ന് കുറച്ചുനേരം ധ്യാനിച്ച ശേഷമാണ് ഷാജിർ ദിവസം ആരംഭിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരട്ടി സന്തോഷമുള്ള ഈ വാർത്തകൾ അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. പതിവ് ആഘോഷങ്ങളിൽ നിന്ന് മാറി പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് ജാംബ തൈകൾ നടാൻ തീരുമാനിക്കുകയായിരുന്നു.

കിളികളുടെ ശബ്ദം കേട്ട് അഞ്ചു മിനിറ്റ് ശാന്തമായി ഇരുന്നതും ‘സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ’, ‘ദ കൈറ്റ് റണ്ണർ’ എന്നീ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയതും അദ്ദേഹം വിഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. ഒരാളുമായി സംസാരിച്ചത്, തൈ നട്ടത്, വർക്കൗട്ട് ചെയ്തത്, പുസ്തകം വായിച്ചത്, മൂന്ന് ലക്ഷം ഫോളോവേഴ്സ് നേടിയത് തുടങ്ങിയ അന്നത്തെ ചെറിയ വിജയങ്ങളെല്ലാം കുറിച്ചുവച്ചതായും ഷാജിർ കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഷാജിറിന്റെ വാക്കുകൾ

പതിവുപോലെ രാവിലെ ജോലിക്ക് പോകുന്ന വഴിയിൽ, മഞ്ഞുപുതച്ചു നിൽക്കുന്ന മനോഹരമായ ഒരു വയൽ കണ്ടു. അതിന്റെ തീരത്തിരുന്ന് കുറച്ചു നേരം ധ്യാനിച്ചു. അധ്വാനവും തിരക്കുകളും നിറഞ്ഞ ജീവിതത്തിനിടയിൽ പ്രകൃതിയോട് ചേർന്നു നിന്ന ആ നിമിഷങ്ങൾ ദിവസത്തിന് മികച്ച തുടക്കമായി മാറി.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരട്ടിമധുരമുള്ള ആ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടത്. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മൂന്ന് ലക്ഷം ഫോളോവേഴ്സ് പിന്നിട്ടിരിക്കുന്നു! അതോടൊപ്പം ‘രാജുവേട്ടൻ’ എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന പൃഥ്വിരാജ് സുകുമാരൻ എന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. പക്ഷേ കേക്ക് മുറിക്കുന്നതിന് പകരം, രണ്ട് ജാംബ തൈകൾ വാങ്ങി നട്ടാണ് ഞാൻ ആ സന്തോഷം ആഘോഷിച്ചത്.

പ്രകൃതിയിലെ കിളികളുടെ നാദം കേട്ട് അഞ്ചു മിനിറ്റ് ശാന്തമായി ഇരുന്നു. ‘സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ’ എന്ന പുസ്തകത്തിനൊപ്പം ‘ദ കൈറ്റ് റണ്ണർ’ എന്ന പുസ്തകവും ഞാൻ വായിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരാളുമായി സംസാരിച്ചത്, തൈ നട്ടത്, വർക്കൗട്ട് ചെയ്തത്, പുസ്തകം വായിച്ചത്, 300K ഫോളോവേഴ്സ് ആയത് തുടങ്ങി ഇന്നത്തെ ചെറിയ ചെറിയ വിജയങ്ങളെല്ലാം ഞാൻ എഴുതി സൂക്ഷിക്കുകയും ചെയ്തു.