“മുഖം കാണിക്കാൻ മടിയുള്ള ജിടിഎ ആരാധകൻ”: അശ്ലീല സന്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർവതി

','

' ); } ?>

അശ്ലീല സന്ദേശം അയച്ച യുവാവിന്റെ അക്കൗണ്ട് വിവരങ്ങളും മെസേജും പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. ജിടിഎ 6 (GTA 6) വീഡിയോ ഗെയിമിലെ സ്ത്രീകഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പാർവതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു എന്ന യുവാവിൽ നിന്നും അധിക്ഷേപ സന്ദേശം ലഭിച്ചതെന്ന് താരം വ്യക്തമാക്കുന്നു. ‘നീ ജിടിഎ 6 കളിച്ചിരുന്നോ’ എന്ന് ചോദിച്ച് അസഭ്യം പറഞ്ഞ യുവാവിന്റെ മുഖം വ്യക്തമല്ലാത്ത ചിത്രവും അക്കൗണ്ട് പേരുമാണ് പാർവതി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. മുഖം കാണിക്കാൻ മടിയുള്ള ഈ ‘ജിടിഎ ആരാധകന്റെ’ കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയുമോ എന്നും വാക്ചാതുര്യം കൊണ്ട് അവൻ മറയ്ക്കാൻ ശ്രമിക്കുന്നത് നാണക്കേടാണെന്നും പാർവതി പരിഹസിച്ചു.

നേരത്തെ, ജിടിഎ 6-ലെ സ്ത്രീകഥാപാത്രത്തിനെതിരെയുള്ള വിമർശനങ്ങളെ ‘ഇരട്ടത്താപ്പ്’ എന്ന് വിശേഷിപ്പിച്ച ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റർ നാദിയ കാർലിയുടെ കുറിപ്പ് പാർവതി പങ്കുവെച്ചിരുന്നു. വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണമായി കാണുന്ന സമൂഹം, സ്ത്രീകളെ തുല്യരായി കാണുന്ന ഗെയിം വരുമ്പോൾ അതിനെ ‘ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട’ എന്ന് മുദ്രകുത്തുകയാണെന്നായിരുന്നു നാദിയയുടെ വിമർശനം. ഈ വിഷയത്തിൽ പാർവതി നടത്തിയ ഇടപെടലുകളാണ് പുതിയ സൈബർ അധിക്ഷേപത്തിലേക്കും താരത്തിന്റെ തുറന്നുപറച്ചിലിലേക്കും നയിച്ചത്.

പാർവതിയുടെ വാക്കുകൾ

”ഈ പാഷനേറ്റ് ആയ ജിടിഎ ആരാധകന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആര്‍ക്കെങ്കിലും അറിയുമോ? ഇവന്‍ കുറച്ച് നാണക്കാരനാണ്, മുഖം കാണിക്കില്ല. പക്ഷെ മികച്ച വാക്ചാതുര്യം കൊണ്ട് അതിനെ മറയ്ക്കുന്നുണ്ട്.”