
അഭിനയത്തിനിടെ ഗ്ലിസറിന്റെ സഹായമില്ലാതെ വികാരാധീനനായി കരഞ്ഞുപോയ അനുഭവം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. പക്ഷാഘാതത്തെത്തുടർന്ന് ആരോഗ്യനില വീണ്ടെടുത്ത് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ഭരത് ഗോപിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ വൈകാരിക നിമിഷമാണ് താരം ഓർത്തെടുത്തത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതവുമായി ബന്ധമുള്ള രംഗങ്ങൾ അഭിനയിക്കുമ്പോൾ സ്വാഭാവികമായും കരഞ്ഞുപോകുമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. റിലീസാകാതെ പോയ ‘മായാ മോഹിത ചന്ദ്രൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ആ സംഭവം. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ വേഷമാണ് ഭരത് ഗോപി അവതരിപ്പിച്ചിരുന്നത്. പക്ഷാഘാതം വന്ന ശേഷം അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ സമയമായിരുന്നു അത്.
അതേ കാലയളവിൽ തന്നെയാണ് കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയ്ക്കും പക്ഷാഘാതം സംഭവിക്കുന്നതും സാധാരണ ജീവിതത്തിലേക്ക് പതുക്കെ മടങ്ങിവരാൻ തുടങ്ങുന്നതും. ഭരത് ഗോപിക്കൊപ്പം ഒരു രംഗത്തിൽ അഭിനയിക്കുന്നതിനിടെ സ്വന്തം പിതാവിന്റെ അവസ്ഥ ഓർമവരികയും താൻ അറിയാതെ തന്നെ കണ്ണുനിറയുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി.
തന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ഭരത് ഗോപി അന്ന് നൽകിയ ആശ്വാസവാക്കുകളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. “കുഴപ്പമില്ല, നീ ഒരു നടനാണ്. ഒന്നും യാന്ത്രികമായി ചെയ്യാനാകില്ല. ഉള്ളിലുള്ള വികാരങ്ങൾ മുഖത്ത് പ്രതിഫലിക്കും. ആസ്വദിച്ച് അഭിനയിക്കുക” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ജീവിതത്തിൽ വലിയ നേട്ടങ്ങളോ സന്തോഷങ്ങളോ ഉണ്ടാകുമ്പോൾ അതൊന്നും കാണാൻ അപ്പൻ കൂടെയില്ലല്ലോ എന്ന വിഷമം ഇപ്പോഴും അലട്ടാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പൃഥ്വിരാജ് അതിഥിവേഷത്തിലെത്തിയ ‘മായാ മോഹിത ചന്ദ്രനി’ൽ കെ.പി.എ.സി ലളിത, മനോജ് കെ. ജയൻ എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു.
അതേസമയം, വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ‘ഹെയ്ൽ മേരി’യാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് മാർട്ടിൻ പ്രക്കാട്ടും ഡോ. നീരജ് രാജനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, വിനയ് ഫോർട്ട്, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
“കരയുന്നത് അത്ര മോശം കാര്യമല്ല. അഭിനയിക്കുന്ന സീനിന് നമ്മുടെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ഗ്ലിസറിന്റെ ആവശ്യം വേണ്ടി വരില്ല… താനേ കരഞ്ഞു പോകും. ഒരു ഉദാഹരണം പറയാം, റിലീസ് ആവാത്ത സിനിമകളിലൊന്നാണ് ‘മായാ മോഹിത ചന്ദ്രന്’. ഒരുപാട് താരങ്ങള്‍ അഭിനയിച്ച സിനിമയായിരുന്നു അത്… പൃഥ്വിരാജ് ഗസ്റ്റ് റോളിലുണ്ട്, കെപിഎസി ലളിത ചേച്ചിയും മനോജ് കെ. ജയനും ഒക്കെയുണ്ട്. അതില്‍ എന്റെ അച്ഛനായി അഭിനയിച്ചത് ഭരത് ഗോപി ചേട്ടനാണ്. സ്ട്രോക്ക് വന്ന ശേഷം അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്.”
“ആയിടയ്ക്കാണ് എന്റെ അപ്പനും സ്ട്രോക്ക് വരുന്നത്. സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരികെ വരാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഗോപി ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സീക്വന്‍സില്‍ എനിക്ക് അപ്പനെ വല്ലാതെ ഓര്മ വന്നു… കണ്ണു നിറഞ്ഞു. ഗോപി ചേട്ടന് കാര്യം മനസിലായി. എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു, ‘കുഴപ്പമില്ല… യു ആര് ആന്‍ ആക്ടര്‍. ഒന്നും യാന്ത്രികമായി ചെയ്യാനാകില്ല. നമുക്കുള്ളില്‍ ഉള്ളത് മുഖത്തു വരും… എന്ജോയ് ചെയ്ത് അഭിനയിക്കുക.’ അപ്പനെ ഇപ്പോഴും ഒരുപാട് മിസ് ചെയ്യാറുണ്ട്… ജീവിതത്തില്‍ സന്തോഷങ്ങള്‍ വരുമ്പോഴും, അല്ലെങ്കില്‍ എന്തെങ്കിലും നേട്ടങ്ങളുണ്ടാകുമ്പോഴുമൊക്കെ ഇതൊന്നും കാണാന്‍ അപ്പന് ഇല്ലല്ലോ എന്നു തോന്നും.”