
സംവിധായകൻ അമൽ നീരദിന്റെ ‘സാഗർ ഏലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ‘ഓസാമ’ എന്ന ഐറ്റം ഗാനം താൻ നേരിട്ട് ചോദിച്ചുവാങ്ങി ചെയ്തതാണെന്ന് നടി ജ്യോതിർമയി. പുതിയ ചിത്രമായ ‘ബാച്ചിലർ പാർട്ടി ഡ്യൂക്സി’ന്റെ പ്രചാരണാർത്ഥം 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ ഒരു ഐറ്റം ഗാനം ഉൾപ്പെടുത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ അത് താൻ ചെയ്തോട്ടെ എന്ന് അമൽ നീരദിനോട് അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്ന് ജ്യോതിർമയി പറഞ്ഞു. 2009-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനരംഗത്തിൽ ജ്യോതിർമയിയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
അമൽ നീരദിന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന്, ഒരു ചിത്രത്തിന്റെ പേര് മാത്രമായി എടുത്തുപറയാനാകില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അമൽ ഒരുക്കുന്ന എല്ലാ പ്രൊജക്ടുകളും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണെന്നും, ആ സിനിമകളെ ചികഞ്ഞ് കുറ്റവും കുറവുകളും കണ്ടെത്താൻ ശ്രമിക്കാറില്ലെന്നും ജ്യോതിർമയി വ്യക്തമാക്കി. ഇക്കാര്യത്തിൽ താൻ അല്പം പക്ഷപാതപരമായാണ് (ബയസ്ഡ്) ചിന്തിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
2015-ലാണ് അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂക്സ്’ ആണ് ജ്യോതിർമയിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
ജ്യോതിർമയിയുടെ വാക്കുകൾ
“അമലിന്റെ സിനിമകളിൽ ഒന്നും എനിക്ക് ഏറ്റവും ഫേവറേറ്റ് എന്ന് പറയാൻ പറ്റില്ല. അമൽ ചെയ്യുന്ന എല്ലാ പ്രൊജക്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഒരു രീതിയിലും അത് ചികഞ്ഞുചികഞ്ഞ് കുറ്റവും കുറവുകളും കണ്ടുപിടിക്കാറില്ല. അതിൽ ഞാൻ ബയസ്ഡ് ആണ്. അതിലൊരെണ്ണം ഫേവറേറ്റ് എന്ന് പറയാനില്ല; എല്ലാം എനിക്ക് ഫേവറേറ്റ് മൂവീസാണ്.
അമൽ നീരദിനോട് ചോദിച്ചുവാങ്ങി ചെയ്ത റോളാണ് ‘സാഗർ ഏലിയാസ് ജാക്കി’യിലെ ഐറ്റം സോങ്. ‘ഓസാമ’ സോങ്. അമൽ ഈ ചിത്രത്തിൽ ഐറ്റം സോങ് ചെയ്യുന്നെങ്കിൽ അത് ഞാൻ ചെയ്യട്ടേ എന്ന് നേരിട്ട് ചോദിച്ച് വാങ്ങിയതാണ്.”