“ചെയ്യാൻ തോന്നാത്തതിനാൽ പല സിനിമകളിൽ നിന്നും സ്വയം പിന്മാറി”; ഇടവേളയെക്കുറിച്ച് മനസ്സ് തുറന്ന് അനു സിതാര

','

' ); } ?>

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി അനു സിതാര. കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണങ്ങളും തന്റെ സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുകയാണ് താരം. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അനുവിന്റെ തുറന്നു പറച്ചിൽ.

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയാണ് സിനിമയിൽ നിന്ന് മൂന്ന് വർഷത്തെ ഇടവേളയെടുത്തതെന്ന് അനു സിതാര വ്യക്തമാക്കി. ഈ കാലയളവിൽ താല്പര്യം തോന്നുന്ന കഥകൾ കേട്ടിരുന്നെങ്കിലും, ചെയ്യണമെന്ന് കരുതിയ ചില പ്രോജക്റ്റുകളിൽ നിന്ന് മാനസികമായി അടുപ്പം തോന്നാത്തതിനാൽ സ്വയം പിന്മാറുകയായിരുന്നു. എന്നാൽ ‘ഹെയ്ൽ മേരി’യുടെ കഥ കേട്ടപ്പോൾ തന്നെ ഈ ചിത്രം ഉറപ്പായും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു.

സിനിമയിൽ വലിയ പ്രതീക്ഷകളോ സ്വപ്നങ്ങളോ വെച്ചുപുലർത്തുന്ന ആളല്ല താനെന്നും അനു കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ മമ്മൂട്ടിയെ ദൂരെ നിന്നെങ്കിലും ഒന്ന് കാണണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഒരുമിച്ച് അഭിനയിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. സിനിമയിലെത്തുമെന്ന് പോലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നർത്തകി എന്ന നിലയിൽ നൃത്തത്തിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിലൂടെ ഒരു പരിധി വരെ സഫലമായി. സിനിമയിൽ വലിയ സ്വപ്നങ്ങൾ കാണാൻ താൻ ഇനിയും ഒരുപാട് വളരാനുണ്ടെന്നും, അതിനായി കൂടുതൽ സിനിമകൾ ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് താരം തന്റെ നിലപാട് പങ്കുവെച്ചത്.

അനുവിന്റെ വാക്കുകൾ

“സിനിമയിൽ മുൻപത്തെ പോലെ സജീവമായി എന്നെ കാണുന്നില്ല എന്ന് പറയുന്നത് ശരിയാണ്. സിനിമയിൽ നിന്ന് മൂന്ന് വർഷത്തെ ഇടവേളയെടുത്തു. കാണാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. താല്പര്യം തോന്നുന്ന തരത്തിലുള്ള കഥകൾ കേട്ടില്ല എന്ന് പറയാൻ പറ്റില്ല. ചെയ്യുമെന്ന് വിചാരിച്ച ചില സിനിമകൾ ഉണ്ടായിരുന്നു. എന്നാൽ അത് ചെയ്യാൻ തോന്നാത്തതു കൊണ്ട് സ്വയം പിന്മാറി. എന്നാൽ ഹെയ്ൽ മേരിയുടെ കഥ കേട്ടപ്പോൾ എന്തായാലും ഈ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചു.

വലിയ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ കണ്ട ആളല്ല ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതാണ് മമ്മൂക്കയെ ദൂരെ നിന്നെങ്കിലും കാണണമെന്നത്. അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്ന ഞാൻ മമ്മൂക്കയെ കാണുകയും സംസാരിക്കുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അതെല്ലാം ആഗ്രഹിച്ചും സ്വപ്നം കണ്ടും നടന്ന കാര്യങ്ങളാണ്.

സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു. എന്നാൽ ഭാഗമാകാൻ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചെയ്ത സിനിമകളെല്ലാം ഭാഗ്യമായാണ് കാണുന്നത്. നൃത്തം അറിയാവുന്ന ആൾ എന്ന നിലയിൽ അതുമായി ബന്ധപ്പെട്ട സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് രാമന്റെ ഏദൻതോട്ടത്തിലൂടെ ഒരു പരിധി വരെ സാധിച്ചു.

സിനിമയിൽ ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും അർപ്പിക്കണമെങ്കിൽ ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം. അതെന്റെ അഹങ്കാരമല്ല, മറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ ഇനിയും വളരാനുണ്ടെന്നാണ് കരുതുന്നത്. അന്നും ഇന്നും സിനിമയിൽ വലിയ പ്രതീക്ഷകളൊന്നും പുലർത്തുന്നില്ല.”