“സ്ത്രീവിരുദ്ധതയെ പുരുഷത്വമായി കാണുന്നതിൽ മടുത്തു; ‘അങ്ങേയറ്റം മോശം, ഇരട്ടത്താപ്പ്”; പാർവതി തിരുവോത്ത്

','

' ); } ?>

വിനോദമാധ്യമങ്ങളിലും വിഡിയോ ഗെയിമുകളിലും സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത് രംഗത്ത്. ആദ്യമായി ഒരു വനിതാ കഥാപാത്രം പ്രധാന വേഷത്തിലെത്തുന്ന ‘ജിടിഎ 6’ (ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6) വിഡിയോ ഗെയിമിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതിയുടെ പ്രതികരണം. വിനോദരംഗത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണമായി മാറുമ്പോഴും, സ്ത്രീകൾക്ക് ബഹുമാനവും തുല്യതയും നൽകുന്ന രംഗങ്ങൾ വരുമ്പോൾ അത് ‘ഫെമിനിസ്റ്റ് പ്രചാരണമായി’ മുദ്രകുത്തപ്പെടുന്ന പ്രവണതയെ വിമർശിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറികളാണ് പാർവതി പങ്കുവച്ചത്.

ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റർ നാദിയ കാർലിയുടെ കുറിപ്പാണ് പാർവതി ആദ്യം പങ്കുവച്ചത്. വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ആഴത്തിൽ വേരൂന്നിയതിനാൽ ആരും അതിനെ ചോദ്യം ചെയ്യുന്നില്ലെന്നും, എന്നാൽ സ്ത്രീകളെ ബഹുമാനിക്കുകയോ സംരക്ഷിക്കുകയോ തുല്യരായി കാണുകയോ ചെയ്യുമ്പോൾ ‘ഫെമിനിസ്റ്റ് പ്രചാരണം’ എന്ന് പറഞ്ഞ് വിമർശിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. ഈ ഇരട്ടത്താപ്പ് അതിശയിപ്പിക്കുന്നതും അങ്ങേയറ്റം മോശവുമാണെന്ന് നാദിയ വ്യക്തമാക്കി.

ഇതിന് പിന്നാലെ നർത്തകിയും കൊറിയോഗ്രാഫറുമായ ഹരിണി നീലകണ്ഠനുമായി നടത്തിയ ചാറ്റും പാർവതി സ്റ്റോറിയായി പങ്കുവച്ചു. മുൻ ‘ജിടിഎ’ ഗെയിമുകളിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ആളുകൾ പൊരുത്തപ്പെട്ടുപോയെന്നും, ഈ ഗെയിമിൽ അതിന് അവസരമില്ലാത്തതിനെ പുരുഷത്വം നഷ്ടപ്പെടുന്നതായി കാണുന്ന പ്രവണതയാണ് നിലനിൽക്കുന്നതെന്നും ചാറ്റിൽ ഹരിണി ചൂണ്ടിക്കാട്ടുന്നു. സ്ത്രീവിരുദ്ധതയെ പുരുഷത്വവുമായി ബന്ധിപ്പിക്കുന്ന ഇത്തരം ധാരണകൾ ഇനി അംഗീകരിക്കാൻ തയാറല്ലെന്ന് പാർവതിയും വ്യക്തമാക്കി.

സാമൂഹിക വിഷയങ്ങളിലും ലിംഗസമത്വത്തിലും കൃത്യമായ നിലപാടുകൾ എടുക്കാറുള്ള പാർവതിയുടെ ഈ പ്രതികരണം പോപ്പ് കൾച്ചറിലെയും ഗെയിമിങ് ലോകത്തെയും സ്ത്രീവിരുദ്ധ മനോഭാവങ്ങൾക്കെതിരായ ചർച്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ വഴിവച്ചിട്ടുണ്ട്.

നാദിയ കാർലിയുടെ കുറിപ്പ്:

‘‘ജിടിഎ 6-ന് ചുറ്റുമുള്ള വിമർശനങ്ങൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അത്രയേറെ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ആളുകൾ അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറേയില്ല. എന്നാൽ ഒരു വിഡിയോ ഗെയിമിൽ സ്ത്രീകളെ ബഹുമാനിക്കുന്നതോ, സംരക്ഷിക്കുന്നതോ, തുല്യരായി കാണുന്നതോ കാണിച്ചാൽ പെട്ടെന്ന് എല്ലാവരും ‘ഫെമിനിസ്റ്റ് പ്രചാരണം’ എന്ന് പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങും. ഈ ഇരട്ടത്താപ്പ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. അങ്ങേയറ്റം മോശം തന്നെ.’’

ഹരിണി നീലകണ്ഠനുമായി നടത്തിയ ചാറ്റ്

ഹരിണി: “എന്താണ് ഏറ്റവും മോശമെന്നറിയാമോ? മറ്റ് GTA ഗെയിമുകളിലെ സ്ത്രീകൾക്കെതിരെയുള്ള ഭീകരമായ അക്രമങ്ങളുമായി അവർ അത്രയേറെ പൊരുത്തപ്പെട്ടുപോയിരിക്കുന്നു; അതുകൊണ്ട് തന്നെ ഈ ഗെയിമിൽ അത് ചെയ്യാൻ അനുവദിക്കാത്തതിനെ പോലും പുരുഷത്വം നഷ്ടപ്പെടുന്നതായിട്ടാണ് അവർ കാണുന്നത്.”

പാർവതി: “എന്റെ ദൈവമേ! നിന്റെ പേര് വെളിപ്പെടുത്താതെ എനിക്ക് ഈ മെസ്സേജ് എന്റെ സ്റ്റോറിയിൽ ഉപയോഗിക്കാമോ? അതായത്, അതാണ് നിങ്ങളുടെ പുരുഷത്വത്തെക്കുറിച്ചുള്ള ധാരണയെങ്കിൽ ഇനി വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറല്ല എന്ന് പറയാൻ വേണ്ടി മാത്രം!”

ഹരിണി: “എന്റെ പേര് വെളിപ്പെടുത്തിക്കോളൂ, നമുക്ക് ഇതെല്ലാം സഹിച്ച് മതിയായിരിക്കുന്നു.”

പാർവതി: “സത്യത്തിൽ നമ്മൾ വല്ലാതെ മടുത്തുപോയിരിക്കുന്നു!”