
പ്രണയാർദ്രമായ ‘ഹമ്മ ഹമ്മ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ഗൗരവമേറിയ പൂർവി ധനാശ്രീ രാഗത്തിലാണെന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ സംഗീതപരീക്ഷണങ്ങളെക്കുറിച്ച് മനസുതുറന്നത്. വികാരങ്ങളെ ഒളിപ്പിച്ചുവെച്ച രാഗങ്ങളുടെ വലിയൊരു നിധി നമുക്കുണ്ടെന്നും, അവ ഉപയോഗിക്കാതിരിക്കുന്നത് വലിയ മണ്ടത്തരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരത്ബാല സംവിധാനം ചെയ്ത ‘ബനാറസ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചുള്ള സംവാദത്തിലായിരുന്നു റഹ്മാന്റെ പ്രതികരണം.
കർണാടക സംഗീതമായാലും ഹിന്ദുസ്ഥാനി സംഗീതമായാലും ഇന്ത്യൻ ശാസ്ത്രീയ സംഗീതമാണ് തന്റെ അടിത്തറയെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് അധികം ഉപയോഗിക്കാത്ത രാഗങ്ങൾ കണ്ടെത്തി അവയെ സിനിമയിലെ വികാരങ്ങളോട് വ്യത്യസ്തമായ രീതിയിൽ ചേർത്തുവെക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. വെറുമൊരു ഈണമുണ്ടാക്കുന്നതിനപ്പുറം രാഗങ്ങളെ പുതുമയോടെ അവതരിപ്പിക്കാനാണ് താൻ താൽപ്പര്യപ്പെടുന്നതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളും പ്രാദേശിക സംസ്കാരങ്ങളും തന്റെ സംഗീതത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ‘ദിൽസേ’യിലെ ‘ജിയാ ജലേ’ എന്ന ഗാനത്തിൽ മലയാളം വരികൾ ഉൾപ്പെടുത്തിയത് ചരിത്രത്തിന്റെ ഭാഗമായി മാറി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്കാരങ്ങൾക്കൊപ്പം പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്കാരങ്ങളും തനിക്ക് പ്രചോദനമായിട്ടുണ്ട്. ദക്ഷിണേന്ത്യക്കാരനാണെങ്കിലും ‘ചംകീല’ എന്ന ചിത്രത്തിനുവേണ്ടി പഞ്ചാബി ഗാനങ്ങൾ പഠിച്ചപ്പോൾ ആ ഭാഷയുടെ കരുത്തും ഊർജവും നേരിട്ടറിയാനായി. ബംഗാളി ഭാഷയ്ക്കുള്ള സവിശേഷമായ മൃദുലത പോലെ, ഓരോ ഭാഷാഭേദവും അതുമായി ബന്ധപ്പെട്ട രാഗഭാവങ്ങളുമാണ് തന്റെ സംഗീതത്തെ സമ്പന്നമാക്കുന്നതെന്നും റഹ്മാൻ പറഞ്ഞു.
റഹ്മാന്റെ വാക്കുകൾ
ഇന്ത്യയിലെ ഓരോ പ്രദേശത്തിനും, ഓരോ സംസ്കാരത്തിനും അതിന്റേതായൊരു തനിമയുണ്ട്, ഒരു സ്വത്വമുണ്ട്. അതൊക്കെ എപ്പോഴും എക്സ്പ്ലോർ ചെയ്യാനും ആസ്വദിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. സൗത്ത് ഇന്ത്യയിലെ കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക… ഇവിടുത്തെ സംസ്കാരങ്ങൾക്കൊപ്പം തന്നെ പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്കാരങ്ങളും എന്റെ സംഗീതത്തിന് വലിയ ഇൻസ്പിരേഷനായിട്ടുണ്ട്.
‘ജിയാ ജലേ’യിൽ മലയാളം വന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ… ആ പാട്ട് കേൾക്കുമ്പോഴെല്ലാം മലയാളത്തിന്റെ ആ സാന്നിധ്യം ചരിത്രത്തിന്റെ ഭാഗമായി മാറിയൊരു ഫീലാണ്. തമിഴിനായാലും മറ്റ് റീജിയണൽ ലാംഗ്വേജുകൾക്കായാലും അവരുടേതായ ഒരു വൈബും ക്യാരക്ടറുമുണ്ട്. ഞാൻ ഒരു സൗത്ത് ഇന്ത്യക്കാരനാണെങ്കിലും ‘ചംകീല’യ്ക്ക് വേണ്ടി പഞ്ചാബി പാട്ടുകൾ കേട്ടും പഠിച്ചും മുന്നോട്ടുപോയപ്പോൾ, ആ ഭാഷയിൽ പാടുമ്പോഴുള്ള ആ കരുത്തും എനർജിയും എനിക്ക് ശരിക്കും ഫീൽ ചെയ്യാൻ പറ്റി. അതേസമയം, ബംഗാളിക്ക് അതിന്റേതായൊരു സോഫ്റ്റ്നസ്സുണ്ട്. ഈ ഭാഷാഭേദങ്ങളും അതോടൊപ്പം വരുന്ന രാഗഭാവങ്ങളുമാണ് എന്റെ മ്യൂസിക്കിനെ കൂടുതൽ സമ്പന്നമാക്കുന്നത്.
കർണാടക സംഗീതമായാലും ഹിന്ദുസ്ഥാനി ആയാലും, നമ്മുടെ ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കാണ് എന്റെ ബേസ്. പല ഇമോഷൻസും ഒളിപ്പിച്ചുവെച്ച രാഗങ്ങളുടെ വലിയൊരു നിധി തന്നെ നമ്മുടെ കയ്യിലുണ്ട്. അത് യൂസ് ചെയ്യാതിരിക്കുന്നത് വലിയൊരു മണ്ടത്തരമായിരിക്കും. അധികം കേട്ടിട്ടില്ലാത്ത, മുൻപ് അങ്ങനെ ഉപയോഗിച്ചിട്ടില്ലാത്ത രാഗങ്ങൾ കണ്ടെത്തി, അതിനെ പുതിയൊരു രീതിയിൽ ഒരു പാട്ടാക്കി മാറ്റാനാണ് ഞാൻ എപ്പോഴും നോക്കുന്നത്.
അതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ, നല്ലൊരു റൊമാന്റിക് ഫീലുള്ള ‘ഹമ്മ ഹമ്മ’ പോലൊരു പാട്ടിൽ ‘പൂർവി ധനാശ്രീ’ പോലുള്ള ഗൗരവമുള്ളൊരു രാഗം കൊണ്ടുവന്നത് ഒരു എക്സ്പിരിമെന്റായിരുന്നു. വെറുമൊരു ട്യൂൺ ഉണ്ടാക്കുന്നതിനപ്പുറം, ഒരു രാഗത്തെ ഇതുവരെ കാണാത്ത രീതിയിൽ ആ സിനിമയിലെ വികാരങ്ങളോട് എങ്ങനെ കണക്ട് ചെയ്യാം എന്നൊരു അന്വേഷണമാണ് എപ്പോഴും എന്റെ ഉള്ളിൽ നടക്കുന്നത്.