
സ്തനാർബുദ ചികിത്സയുടെ ഭാഗമായുള്ള അവസാന കീമോതെറാപ്പിയും പൂർത്തിയാക്കിയ വിവരം പങ്കുവെച്ച് നടി ഉമ ശങ്കരി. കീമോതെറാപ്പി ഏറെ കഠിനമായിരുന്നെങ്കിലും താൻ അതിനേക്കാൾ ശക്തയായിരുന്നുവെന്നും, അവസാന ഇൻഫ്യൂഷൻ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ഉമ കുറിച്ചു. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ ജൂൺ 23-നാണ് തനിക്ക് പ്രാരംഭഘട്ട സ്തനാർബുദം സ്ഥിരീകരിച്ച വിവരം ഉമ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. രോഗവിവരം അറിഞ്ഞപ്പോൾ വലിയ ഞെട്ടലും അവിശ്വാസവുമാണ് ആദ്യം തോന്നിയതെന്നും, തൻ്റെ അവസ്ഥയോർത്ത് ഭയന്നിരിക്കുമ്പോഴും കൂടുതൽ സ്നേഹം പകരുന്ന കുടുംബത്തെ കാണുന്നത് ഏറെ വേദനയുണ്ടാക്കിയെന്നും താരം അന്ന് കുറിച്ചിരുന്നു. എന്നാൽ പ്രാർഥനയും കുടുംബത്തിൻ്റെ പിന്തുണയും കരുത്താക്കി രോഗത്തോട് പൊരുതാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഉമ വ്യക്തമാക്കിയിരുന്നു.
താരത്തിൻ്റെ അതിജീവനക്കുറിപ്പിന് താഴെ സിനിമാ മേഖലയിലുള്ളവരും ആരാധകരുമടക്കം നിരവധിപ്പേരാണ് ആശംസകളും പിന്തുണയുമായി എത്തുന്നത്.
‘കുബേരൻ’, ‘വസന്തമാളിക’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഉമ ശങ്കരി.
ഉമ്മയുടെ അന്നത്തെ വാക്കുകൾ
ഇതത്ര എളുപ്പമാണെന്ന് നടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ആദ്യഘട്ട സ്തനാർബുദം സ്ഥിരീകരിച്ചു. ആദ്യം എനിക്ക് വലിയ ഞെട്ടൽ തോന്നി, പിന്നെ അതൊട്ടും ഉൾക്കൊള്ളാനായില്ല. അവിശ്വസിച്ചു പോയി. ഇക്കാര്യം ഉൾക്കൊള്ളാനും അംഗീകരിക്കാനും ഒട്ടും എളുപ്പമല്ല.
എന്തുകൊണ്ട് ഞാൻ, എന്തുകൊണ്ട് ഇപ്പോൾ, എന്താണ് ഇനി സംഭവിക്കാൻ പോവുന്നത് എന്നീ ചോദ്യങ്ങൾ എന്റെ തലച്ചോറിനെ ചുഴറ്റിയെറിഞ്ഞു. ഇത്തരമൊരു വാർത്ത സ്വീകരിക്കാൻ ഒരു തയ്യാറെടുപ്പും നമുക്ക് ഉപകരിക്കില്ല. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും അങ്ങനെ തന്നെയാണ്. അവരും ഭയന്നിരിക്കുമ്പോൾ തന്നെ എന്നെ കൂടുതൽ സ്നേഹിക്കുന്നത് കാണുന്നത് വലിയ ഹൃദയവേദനയാണ്.
കണ്ണീരും പ്രാർഥനയും പിന്തുണയും കൊണ്ട്, ഞാൻ ആ ഞെട്ടലിൽ നിന്ന് യാഥാർഥ്യത്തിലേക്കെത്തി. ഞാൻ കീഴടങ്ങില്ല, തോൽവി സമ്മതിക്കില്ല. ജീവിതത്തെ അതിന്റെ കഠിനമായ രൂപത്തിൽ തന്നെ ഞാൻ അംഗീകരിക്കും.