
നടൻ റോബിൻ വർഗീസിനെ അനുസ്മരിച്ച് സംവിധായകൻ ജയരാജ്. അസുഖവിവരം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും വിയോഗവാർത്ത ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘ജോണി വാക്കർ’ വീണ്ടും റീ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും രണ്ടാം ഭാഗത്തെക്കുറിച്ചുമുള്ള ആലോചനകൾക്കിടെ കുറച്ചു മാസങ്ങൾക്ക് മുൻപാണ് റോബിൻ അവസാനമായി സന്ദേശമയച്ചതെന്ന് ജയരാജ് ഓർത്തെടുത്തു. ചിത്രത്തിലെ സംഘത്തിൽ നിറയെ മുടിയുള്ള ഗ്ലാമറസ് രൂപത്തിലായിരുന്നു അന്ന് റോബിനെ കണ്ടതെന്നും, പിന്നീട് അയച്ചുതന്ന ചിത്രങ്ങളിൽ നരച്ച മുടിയും താടിയുമായി മാറിയപ്പോഴും ആ മുഖത്തിന് പ്രത്യേക സൗന്ദര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ചാഞ്ചക്കം തെന്നിയും’ എന്ന ഗാനരംഗത്തിലും ‘ശാന്തമീ രാത്രിയിൽ’ എന്ന പാട്ട് വീണ്ടും ഹിറ്റായ സാഹചര്യത്തിലും റോബിനെയും ഷെല്ലി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ടെന്നും ജയരാജ് കൂട്ടിച്ചേർത്തു.
1992-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ജോണി വാക്കറി’ലെ ‘ഷെല്ലി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോബിൻ വർഗീസ്. ഇന്നലെ അമേരിക്കയിൽ വെച്ചായിരുന്നു അന്ത്യം. ചിത്രത്തിന്റെ സംവിധായകൻ കൂടിയായിരുന്നു ജയരാജ്.
കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെ കലാരംഗത്തെത്തിയ റോബിൻ വർഗീസ്, 2019-ൽ പുറത്തിറങ്ങിയ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന മലയാള ചിത്രത്തിലും ചില കന്നഡ സിനിമകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സഹതാരങ്ങളെയും നീലകണ്ഠൻ എന്ന കുട്ടപ്പായിയെയും തേടിയുള്ള അന്വേഷണങ്ങൾക്കിടെ ഓൺലൈൻ സിനിമാ ഫോറങ്ങളിൽ സജീവമായിരുന്ന റോബിന്റെ വിയോഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ആദരാഞ്ജലികൾ നേരുകയാണ്.
ജയരാജിന്റെ വാക്കുകൾ.
‘‘എന്റെ മനസ്സിൽ എപ്പോഴും ‘ജോണി വാക്കറി’ൽ അഭിനയിക്കുന്ന സമയത്തുള്ള റോബിന്റെ മുഖം തെളിഞ്ഞു നിൽക്കുന്നുണ്ട്. അത് എന്റെ ഷെല്ലിയുടെ മുഖമാണ്. ‘ചാഞ്ചക്കം തെന്നിയും’ എന്ന പാട്ടിൽ ബെംഗളൂരിൽ നിന്നും ജോണിയെ കാണാനായി ജോണി വാക്കറിന്റെ നാട്ടിലേക്ക് കൂട്ടുകാർ നടത്തുന്ന യാത്രയുണ്ടല്ലോ, അതിലെ ഓരോ കഥാപാത്രങ്ങൾക്കും ഓരോ വ്യത്യസ്തതയുണ്ട്. ഷെല്ലിയുടെ കഥാപാത്രമുണ്ട്, അതുപോലെ സംസാരിക്കാനാകാത്ത വിഷ്ണു എന്ന കഥാപാത്രമുണ്ട്. അങ്ങനെ ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വമുണ്ടായിരുന്നു.
അന്ന് ആ കൂട്ടത്തിൽ താരതമ്യേന കൂടുതൽ സുന്ദരനായി തോന്നിയ രൂപമായിരുന്നു റോബിന്റേത്. നിറയെ മുടിയുള്ള വളരെ ഗ്ലാമറസായ പയ്യൻ. ഭാവിയിൽ അവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിക്കുമെന്ന് ഞാൻ ആഗ്രഹിക്കുകയും വിചാരിക്കുകയും ചെയ്തിരുന്നു. പിന്നീട് അവൻ അമേരിക്കയിൽ ജോലി തേടി പോയി. അതിനുശേഷവും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തകാലം വരെ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു.
‘ജോണി വാക്കർ’ വീണ്ടും റീ റിലീസ് ചെയ്യാനുള്ള ആലോചനകളും, രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചിന്തകളും വന്ന സമയത്ത് അവൻ വീണ്ടും എന്നെ ബന്ധപ്പെട്ടിരുന്നു. ‘നീ ഒന്നുകൂടെ വരേണ്ടി വരും’ എന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴത്തെ രൂപം ഒന്ന് കാണണം എന്ന് എനിക്ക് തോന്നി. പിന്നെ റോബിൻ എനിക്ക് കുറച്ച് ചിത്രങ്ങൾ അയയച്ചുതന്നു. ആ രൂപം കണ്ടപ്പോൾ ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. മുഴുവൻ നരച്ച മുടിയും താടിയുമൊക്കെയുള്ള റോബിനെയാണ് ഞാൻ കണ്ടത്. അന്ന് ‘ജോണി വാക്കറി’ൽ കണ്ട റോബിനല്ല, മറ്റൊരു റോബിൻ. എങ്കിലും അപ്പോഴും അവൻ സുന്ദരനായിരുന്നു. അന്നത്തേതുപോലെ തന്നെ എന്തോ ഒരു പ്രത്യേകതയുള്ള സുന്ദരമായ മുഖമായിരുന്നു അവന്റേത്.
ഇനിയും ‘ജോണി വാക്കറി’ന്റെ തുടർച്ചയായി എന്തെങ്കിലും ചെയ്യുമ്പോൾ, ആ പഴയ സംഘം വീണ്ടും ഒന്നിക്കുന്നതും ജോണിയുടെ നാട്ടിലേക്ക് എല്ലാവരും തിരികെ വരുന്നതുമായ ഒരു കഥ എന്റെ മനസ്സിലുണ്ടായിരുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളൊക്കെ ഞങ്ങൾ ചെയ്തിരുന്നതുമാണ്.
കുറച്ചു മാസങ്ങൾക്ക് മുൻപാണ് അവൻ എനിക്ക് അവസാനമായി സന്ദേശമയച്ചത്. അപ്പോഴും ‘ജോണി വാക്കറി’ന്റെ റീ റിലീസിനെക്കുറിച്ചും, ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനം വീണ്ടും വലിയ ഹിറ്റായതിനെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചിരുന്നു. അവന് അസുഖമുണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു. ഇന്നലെ ഈ വിയോഗവാർത്ത പെട്ടെന്ന് കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടലുണ്ടായി. ഇവരാരും മരിക്കരുതെന്നും, നമ്മുടെ മനസിൽ എന്നും ആവേശം നിറയ്ക്കുന്ന ആ പഴയ മുഖങ്ങളായിത്തന്നെ നിലനിൽക്കണമെന്നുമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അന്ന് അവരെല്ലാം വളരെ ചെറുപ്പക്കാരായ കുട്ടികളായിരുന്നു. ഇവർ ഇല്ലാതാകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. എങ്കിലും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ. നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ.
മരണം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നു അറിയാം. എങ്കിലും ജോണി വാക്കർ’ ടീമിന് ഇതൊരു വലിയ നഷ്ടം തന്നെയാണ്. ഇന്നും നമ്മുടെ യുവതലമുറ ആഘോഷിക്കുന്ന സിനിമയാണ് ‘ജോണി വാക്കർ’. വീണ്ടും തിയറ്ററുകളിൽ കാണാനും രണ്ടാം ഭാഗത്തിനായി കാത്തിരിക്കാനും പ്രേക്ഷകർ ആഗ്രഹിക്കുന്ന സിനിമ. അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ചിത്രമാണത്. കൂടിച്ചേരലിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം സിനിമയാണത്. അതുപോലെ ഇന്നും അതിലെ വസ്ത്രധാരണ രീതികളും ഫാഷനുമെല്ലാം ആളുകൾ ഓർക്കുന്നുണ്ട്. ആ ഫാഷൻ ഇന്ന് തിരിച്ചു വരുന്നു എന്നെല്ലാം സമൂഹമാധ്യമങ്ങളിൽ കുട്ടികൾ പറയുന്നുമുണ്ടല്ലോ.
പലപ്പോഴും ‘ജോണി വാക്കറി’ലെ കമലിനെക്കുറിച്ചും കുട്ടപ്പായിയെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈ സുഹൃദ്സംഘത്തെക്കുറിച്ചും ആളുകൾ സംസാരിക്കാറുണ്ട്. പലരുടെയും പ്രിയപ്പെട്ട ഗാനമാണ് ‘ചാഞ്ചക്കം തെന്നിയും’. ഈ അടുത്തകാലത്ത് ഒരാൾ എന്നോട് പറഞ്ഞത്, ഓഫിസിൽ എത്തിയാൽ ലാപ്ടോപ്പിൽ അയാൾ എപ്പോഴും കേൾക്കുന്നതും ഊർജ്ജം നൽകുന്നതുമായ പാട്ടാണ് ഇതെന്നാണ്. അതൊരു പാട്ട് മാത്രമല്ല, ആ സംഘത്തിന്റെ ഉത്സവവും അവരെ വരവേൽക്കുന്നതിന്റെ ആഘോഷങ്ങളുമാണ്. ആ രംഗങ്ങളിൽ റോബിന്റെ മുഖം വളരെ തെളിഞ്ഞു നിൽക്കുന്നുണ്ട്. ജോണി വാക്കറിന്റെ സഹോദരൻ തന്റെ കൂട്ടുകാരെ ഓരോരുത്തരെയായി പരിചയപ്പെടുത്തുന്ന ആ രംഗങ്ങളിൽ, വ്യത്യസ്തമായി നിൽക്കുന്ന റോബിന്റെ, അതായത് ഷെല്ലിയുടെ മുഖം ഇന്നും മായാതെ നിൽക്കുന്നു.
അതുകൊണ്ടുതന്നെ അവന്റെ വിയോഗം വലിയൊരു നഷ്ടവും ദുഃഖവുമാണ്. സിനിമ വീണ്ടും റീ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർ റോബിനെ കൂടുതൽ ഓർമിക്കും. അവന്റെ ഓർമകൾ എന്നും മരിക്കാതെ നിൽക്കട്ടെ.’’