
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനിലേക്ക് സജീവമായിരിക്കുകയാണ് നടി ഗൗരി കൃഷ്ണൻ. ഫ്ളവേഴ്സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സിത്താര എന്ന സീരിയലിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്തും ഷൂട്ടിംഗ് ലൊക്കേഷനുകളിലും താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഗോസിപ്പുകളെ നേരിടുന്ന രീതിയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ചെയ്യാത്ത കാര്യങ്ങൾക്ക് താൻ പഴിച്ചേർക്കപ്പെട്ടിട്ടുണ്ടെന്നും, തന്നെ സീരിയലുകളിൽ നിന്ന് മാറ്റണമെന്ന് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്നെ കുറിച്ച് ആരെന്ത് പറഞ്ഞാലും താനതിന് റിയാക്റ്റ് ചെയ്യാൻ നിൽക്കില്ലെന്നും, എത്ര ദേഷ്യമുണ്ടെങ്കിലും ബഹളം വെക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തനിക്കറിയുമെന്നും ഗൗരി കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ബൈസിക്കിലി ഞാനൊരു ഇന്ട്രോവേർട്ട് ആണ്. ലൊക്കേഷനുകളിലൊക്കെ ഒരു ഹെൽത്തി ഡിസ്റ്റൻസ് ഇട്ടിട്ടാണ് നിൽക്കുന്നത്. പക്ഷെ ആ ആക്ഷൻ കട്ട് അതിന്റെ ഇടയിൽ എന്തോ ഉണ്ട്. എന്നിട്ടും ചെയ്യാത്ത കാര്യങ്ങൾക്ക് ഞാൻ പഴി കേട്ടിട്ടുണ്ട്. പറയാത്ത കാര്യങ്ങൾ പറഞാന്നൊക്കെ. അതുപോലെ തന്നെ ഗൗരി ഈ വർക്കിലേക്ക് വേണ്ട എന്നൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടിട്ടൊക്കെയുണ്ട്. പക്ഷെ അതിന്റെ പേരിൽ ചാൻസ് ഒന്നും കിട്ടാതെ ഇരുന്നിട്ടില്ല. പിന്നെ അങ്ങനെ പറയാൻ അവർക്കെന്തെങ്കിലും കാരണം കാണും. അത് കൊണ്ട് തന്നെ അങ്ങനെയുള്ള ആളുകളെ കാണുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കും. സംസാരിക്കാനും പോകില്ല. പ്രതികരിക്കാനും പോകില്ല. എനിക്ക് നല്ലോണം ദേഷ്യം വരും. അവര് ചെയ്തത് എന്റെ മനസ്സിൽ കിടക്കും. പക്ഷെ ഞാനതിനെ നെഗ്ളക്ട ചെയ്യും.” ഗൗരി പറഞ്ഞു.
“അങ്ങനെ ബഹളം വെച്ച് പറയുന്നതിനേക്കാൾ നല്ലത് പറയാതിരിക്കുന്നതാണ്. നമ്മൾ ലൊക്കേഷനിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും വഴക്കായി. അതിന്റെ ഒന്നും ആവശ്യമില്ലല്ലോ. നമ്മളൊരു ജോലിചെയ്യാൻ വരുന്നു. തിരിച്ച് പോകുന്നു. ഈ ആവശ്യമില്ലാതെ ടാക്ക് ഒക്കെ വരുമ്പോൾ, അത് വാഴക്കാവും, വൈരാഗ്യമാകും. അടുത്ത വർക്ക് വരുമ്പോൾ തടസ്സങ്ങളാകും. തന്നെയുമല്ല പ്രതികരിക്കാൻ നിന്നാൽ നമുക്കതിനേ നേരം കാണൂ. സത്യം പറഞ്ഞാൽ നമുക്കൊട്ടും സമയമില്ല. വേറെ ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യാനുള്ളതാണ്. മിണ്ടാതിരുന്നാൽ അത് അവിടെ തീരും. പത്ത് പേര് അറിയേണ്ടിടത്ത് നൂറു പേര് അറിയേണ്ട കാര്യം ഇല്ലല്ലോ.” ഗൗരി കൂട്ടിച്ചേർത്തു
മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണൻ. 2011-ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഗൗരി, പിന്നീട് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 2014-ൽ മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കാണാ കൺമണി, പൗർണ്ണമിത്തിങ്കൾ എന്നീ പരമ്പരകളിലെ പ്രധാന വേഷങ്ങളിലൂടെ വലിയ ജനപ്രീതി നേടി. മികച്ച അഭിനയത്തിന് 2017-ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ഗൗരിയെ തേടിയെത്തിയിട്ടുണ്ട്. സീത, എന്ന് സ്വന്തം ജാനി, കയ്യെത്തും ദൂരത്ത് തുടങ്ങി നിരവധി ശ്രദ്ധേയമായ പരമ്പരകളിലും ഭയം, സ്റ്റാർട്ട് മ്യൂസിക്, ഫ്ലവേഴ്സ് ഒരു കോടി തുടങ്ങിയ റിയാലിറ്റി-ഗെയിം ഷോകളിലും ഗൗരി ഭാഗമായിട്ടുണ്ട്. നിലവിൽ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സിതാര എന്ന പരമ്പരയിൽ താര എന്ന കഥാപാത്രത്തെ
അവതരിപ്പിക്കുകയാണ്.
2022 നവംബറിൽ സീരിയൽ സംവിധായകൻ മനോജിനെ വിവാഹം കഴിച്ചെങ്കിലും ഇരുവരും പിന്നീട് വിവാഹമോചിതരായി.