
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടൻ ജയറാമിനൊപ്പം പുതിയൊരു തെലുങ്ക് ചിത്രത്തിൽ ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവച്ച് അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി). സൂപ്പർഹിറ്റ് ചിത്രമായ ‘അല വൈകുണ്ഠപുരമുലു’വിന് ശേഷം ഇരുവരും വീണ്ടും സ്ക്രീൻ പങ്കിടുന്ന ചിത്രമാണിത്. സ്കോട്ട്ലാൻഡിലെ അവധിക്കാല ആഘോഷങ്ങൾക്കിടെ ജയറാമിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് ജിപി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
സ്കോട്ട്ലാൻഡിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് മകൾ മാളവികയുമൊത്ത് അവിടെയെത്തിയ ജയറാമിനെയും പാർവതിയെയും ജിപി കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
ജയറാമിനൊപ്പം പ്രവർത്തിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് ജിപി കുറിച്ചു. ‘‘അല വൈകുണ്ഠപുരമുലൂവിന് ശേഷം വീണ്ടും ജയറാം ഏട്ടനൊപ്പം ഒരു തെലുങ്ക് ചിത്രത്തിൽ ഒന്നിക്കുന്നു. അസാമാന്യനായ അഭിനേതാവും മികച്ച എന്റർടെയ്നറുമായ അദ്ദേഹം സെറ്റിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കുന്ന വ്യക്തിയാണ്. ഷോട്ടുകൾക്കിടയിലുള്ള ഇടവേളകളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന കഥകൾ വേറെ തന്നെ ഒരു വിനോദമാണ്. സ്ക്രീനിലും പുറത്തും ഒരുപോലെ രസിപ്പിക്കുന്ന വ്യക്തിയാണ് ജയറാം ഏട്ടൻ,’’ താരം വ്യക്തമാക്കി.
ഇത്തവണ പാർവതി ചേച്ചിയോടും മാളവികയോടുമൊപ്പം മനോഹരമായ സമയം ചെലവഴിക്കാൻ സാധിച്ചത് ഈ കൂടിക്കാഴ്ചയെ കൂടുതൽ സ്പെഷലാക്കിയെന്നും ഗോവിന്ദ് പത്മസൂര്യ കൂട്ടിച്ചേർത്തു.
പത്മസൂര്യയുടെ വാക്കുകൾ
‘‘അല വൈകുണ്ഠപുരമുലൂവിന് ശേഷം വീണ്ടും ജയറാം ഏട്ടനൊപ്പം ഒരു തെലുങ്ക് ചിത്രത്തിൽ ഒന്നിക്കുന്നു! ജയറാം ഏട്ടനോടൊപ്പം പ്രവർത്തിക്കുക എന്നത് തന്നെ ഒരു പ്രത്യേക അനുഭവമാണ്. അസാമാന്യനായ അഭിനേതാവ്, മികച്ച എന്റർടെയ്നർ, സെറ്റിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കുന്ന വ്യക്തി. ഷോട്ടുകൾക്കിടയിലുള്ള ഇടവേളകളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന കഥകൾ വേറെ തന്നെ ഒരു ലെവൽ വിനോദമാണ്!
ഇത്തവണ പാർവതി ചേച്ചിയോടും മാളവികയോടുമൊപ്പം മനോഹരമായ കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചത് ഇതിനെ കൂടുതൽ സ്പെഷലാക്കി. ചിലർ നിങ്ങളെ സ്ക്രീനിലും സ്ക്രീനിന് പുറത്തും ഒരുപോലെ രസിപ്പിക്കും. ജയറാം ഏട്ടൻ തീർച്ചയായും അങ്ങനെയൊരാളാണ്.’’